സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അടൂർ ഗോപാലകൃഷ്ണൻ. തന്റെ ആദ്യ ചിത്രമായ സ്വയംവരം (1972) പുറത്തിറങ്ങിയതോടെ 1970 കളിൽ അടൂർ മലയാള സിനിമയിൽ പുതിയ തരംഗത്തിന് തുടക്കമിട്ടു. പിന്നീട് മലയാള സിനിമക്ക് ഒരുപിടി മികച്ച സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
കൊടിയേറ്റം, എലിപ്പത്തായം, വിധേയൻ, മതിലുകൾ, കഥാപുരുഷൻ, അനന്തരൻ തുടങ്ങിയ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം പത്മശ്രീ പത്മഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ നൽകികൊണ്ട് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ‘പദയാത്ര’യാണ് അടൂരിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

അടൂർ ഗോപാലകൃഷ്ണൻ. Photo. Screen Grab
ഇപ്പോഴിതാ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ സിനിമയാക്കിയപ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമയുടെ ആദ്യ പ്രദർശനത്തിൽ ചിത്രം കണ്ട ബഷീർ വികാരാധീനനായതും നാരായണിയുടെ കഥാപാത്രത്തെക്കുറിച്ച് ഇരുവരും നടത്തിയ സംഭാഷണവുമെല്ലാം ഇന്നും ഓർമയിലുണ്ടെന്ന് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് അടൂർ ഗോപാലകൃഷ്ണൻ.
‘മതിലുകൾ സിനിമയാക്കാൻ ബഷീറിനെ സമീപിച്ചപ്പോൾ ആദ്യം ചോദിച്ചത് ആരാണ് നാരായണിയുടെ വേഷം അവതരിപ്പിക്കുന്നത് എന്നായിരുന്നു. നാരായണിക്ക് ഒരു രൂപം നൽകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. നേരിൽ കാണാത്ത നാരായണിയായിരുന്നു കഥയിലെ പ്രധാന ആകർഷണം. ആ കഥാപാത്രമായി ആരും അഭിനയിക്കുന്നില്ലെന്ന് ഞാൻ ബഷീറിനോട് പറഞ്ഞു. എങ്കിൽ ആ സിനിമ നന്നാകുമെന്ന് അദ്ദേഹം മറുപടി നൽകിയത്.
നേരത്തെ മതിലുകൾ സിനിമയാക്കാൻ വന്ന പലരും നാരായണിക്കായി ഓരോ മുഖങ്ങൾ സങ്കൽപ്പിച്ചിരുന്നു. നായകന്റെ മനസിൽ വന്നുപോകുന്നതുപോലെ വ്യത്യസ്ത മുഖങ്ങൾ നാരായണിക്ക് നൽകിയവരുമുണ്ട്. അതിനായി നായികമാരെയും അവർ ആലോചിച്ചിരുന്നു,’ അടൂർ പറഞ്ഞു.
കോഴിക്കോട് സംഗം തിയേറ്ററിൽ വെച്ചായിരുന്നു ബഷീറിനായി ‘മതിലുകൾ’ ആദ്യമായി പ്രദർശിപ്പിച്ചത്. സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തിന്റെ അവസാനം എങ്ങനെയാണെന്ന് ബഷീർ ചോദിച്ചതും അടൂർ ഓർത്തെടുത്തു.
‘നായകൻ ചുവന്ന റോസാപ്പൂവുമായി ജയിൽമതിലിന് പുറത്ത് നിൽക്കുന്നതായല്ലേ സിനിമ അവസാനിക്കുന്നത് എന്ന് ബഷീർ ചോദിച്ചു. അല്ലെന്ന് ഞാൻ ശബ്ദം താഴ്ത്തി, വളരെ ബഹുമാനത്തോടെ മറുപടി നൽകി. ക്ഷണിക്കപ്പെട്ട വലിയൊരു സദസിന് മുന്നിലായിരുന്നു പ്രദർശനം.
സിനിമ കഴിഞ്ഞപ്പോൾ ബഷീർ മാത്രം സീറ്റിൽനിന്ന് എഴുന്നേൽക്കാതെ അൽപ്പസമയം കൂടി അവിടെ ഇരുന്നു. അദ്ദേഹത്തെ വളരെ വികാരാധീനനായാണ് ഞാൻ കണ്ടത്. കണ്ണുകൾ നനഞ്ഞിരുന്നു. ‘നോട്ട് എ ഡൾ മോമെന്റ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം,’ അടൂർ ബാലഗോപാലകൃഷ്ണൻ പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ,മതിലുകൾ. Photo. Screen Grab/ Youtube. IMDb
സിനിമയുടെ പ്രദർശനത്തിന് ശേഷം കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലും ബഷീർ പങ്കെടുത്തിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം സരസമായി മറുപടി നൽകിയതും ഇന്നും ഓർമയിലുണ്ടെന്ന് അടൂർ പറഞ്ഞു. ബഷീറിന്റെ ഏത് കൃതിയും തനിക്ക് സൗജന്യമായി സിനിമയാക്കാമെന്ന് അദ്ദേഹം ആ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതായും അടൂർ പറഞ്ഞു.
Content Highlight: Director Adoor Gopalakrishnan shares unforgettable experiences from the making of the film adaptation of Vaikom Muhammad Basheer’s ‘Mathilukal’
