പാലത്തായി കേസ്: കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി
Kerala
പാലത്തായി കേസ്: കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th November 2025, 5:11 pm

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസിലെ വിധി പ്രസ്താവനയില്‍ കോടതി വിമര്‍ശനം ഉന്നയിച്ച മൂന്ന് മാനസികാരോഗ്യ വിദഗ്ധര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പരാതി. വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് വനിതാ ശിശു വികസന വകുപ്പ്, ഡി.ജി.പി, സംസ്ഥാന ബാലാവകാശ കമീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് ദിശ സംഘടനയുടെ സെക്രട്ടറി ദിനു വെയിലാണ് പരാതി നല്‍കിയിരിക്കുന്നത്.

പാലത്തായി കേസിന്റെ വിധി പറയുന്നതിനിടെയാണ് പീഡനത്തിനിരയായ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയ മാനസികാരോഗ്യ വിദഗ്ധര്‍ക്കെതിരെ കോടതി നിരീക്ഷണം നടത്തിയത്.

കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്ക് ഈ ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കിയതായി ദിനു വെയില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

കുട്ടിയെ നിരവധി ദിവസങ്ങളോളം മണിക്കൂറുകളോളം ഇടവിടാതെ ചോദ്യം ചെയ്ത് കൗണ്‍സിലര്‍മാര്‍ മറ്റൊരു അന്വേഷണ ഏജന്‍സി പോലെ പെരുമാറി. അശ്ലീലവും വൃത്തികെട്ടതുമായ ചോദ്യങ്ങള്‍ ചോദിച്ചു അവര്‍ ചുമതല പോലും മറന്ന് കുട്ടിയുടെ മാനസികാരോഗ്യം തകര്‍ത്തെന്ന് കോടതി കണ്ടെത്തിയെന്ന് ദിനു ചൂണ്ടിക്കാണിച്ചു.

പ്രസ്തുത മാനസിക ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി അവരുടെ ചോദ്യങ്ങള്‍ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഇടപെടലുകലുണ്ടായെന്ന് കണ്ടെത്തിയെന്നും ദിനു പറഞ്ഞു.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന കുഞ്ഞിനെ വീണ്ടും മാനസികമായി തകര്‍ത്ത മാനസിക ആരോഗ്യ വിദഗ്ധര്‍ യാതൊരു കാരണവശാലും പ്രസ്തുത ജോലിക്ക് അര്‍ഹരല്ലെന്നും ഇവര്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ട് കുട്ടിയുടെ ഉമ്മ തന്നെ 2020 സെപ്റ്റംബര്‍ 21ന് 2അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും ദിനു ചൂണ്ടിക്കാണിക്കുന്നു.

ശനിയാഴ്ചയാണ് പാലത്തായി കേസില്‍ കോടതി വിധി പറഞ്ഞത്. പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മകുമാറിന് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ തലശേരി സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി വിധിച്ചിരുന്നു. രണ്ട് ലക്ഷം പിഴയും വിധിച്ചിരുന്നു.

ദിനു വെയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

പാലത്തായി പോക്സോ കേസില്‍ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് മൂന്ന് മാനസികാരോഗ്യ വിദഗ്ധര്‍ക്ക് എതിരെ തലശ്ശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് POCSO കോടതി കണ്ടെത്തിയിട്ടുള്ളത് . ”ഈ കൗണ്‍സിലര്‍മാര്‍ക്ക് ഈ ജോലിയില്‍ തുടരാന്‍ അര്‍ഹതയുമില്ല’ എന്ന് തന്നെ കോടതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .
കുട്ടിയെ നിരവധി ദിവസങ്ങളോളം മണിക്കൂറുകളോളം ഇടവിടാതെ ചോദ്യം ചെയ്യുക വഴി കൗണ്‍സിലര്‍മാര്‍ മറ്റൊരു അന്വേഷണ ഏജന്‍സിപോലെ പെരുമാറിയെന്നും അശ്ലീലവും വൃത്തികെട്ടതുമായ ചോദ്യങ്ങള്‍ ചോദിച്ചു അവര്‍ ചുമതല പോലും മറന്നു കുട്ടിയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു എന്നും കോടതി കണ്ടെത്തിയിട്ടുണ്ട് .

അശ്‌ളീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്തുകൊണ്ട് ഇടപെട്ടില്ല എന്നും കോടതി വിമര്ശിക്കുന്നുണ്ട്.

പ്രസ്തുത മാനസിക ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഓരോ ചോദ്യങ്ങളും വിശദമായി പരിശോധിച്ച കോടതി അവരുടെ ചോദ്യങ്ങള്‍ വഴി പ്രതിഭാഗത്തിന്റെ വാദങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ കൃത്യമായി ഉണ്ടായി എന്നും കണ്ടെത്തിയിട്ടുണ്ട് .

കുട്ടിയുടെ മാനസിക ആരോഗ്യം തകര്‍ത്തു ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന കുഞ്ഞിനെ വീണ്ടും മാനസികമായി തകര്‍ത്ത മേല്പറഞ്ഞ മാനസിക ആരോഗ്യ വിദഗ്ദ്ധര്‍ യാതൊരു കാരണവശാലും പ്രസ്തുത ജോലിക്ക് അര്‍ഹരല്ല .

ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെട്ടു കുട്ടിയുടെ ഉമ്മ 21 .9 .2020 ഇന് അന്നത്തെ വനിതാ ശിശു വികസന വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നിലവില്‍ കോടതിയുടെ കണ്ടെത്തലുകള്‍ വന്ന സാഹചര്യത്തില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദിശയുടെ സെക്രട്ടറി എന്ന നിലയില്‍ വനിതാ ശിശു വികസന വകുപ്പ് , ഡി ജി പി , സംസ്ഥാന ബാലാവകാശ കമീഷന്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട് .

Content Highlight: Palathayi case: Action should be taken against the councilors who tried to mentally disturb the child; Complaint to the Chief Minister