ഈ ലോകകപ്പില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതില്‍ സംശയമില്ല: ദിനേശ് കാര്‍ത്തിക്
Sports News
ഈ ലോകകപ്പില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതില്‍ സംശയമില്ല: ദിനേശ് കാര്‍ത്തിക്
ശ്രീരാഗ് പാറക്കല്‍
Wednesday, 24th December 2025, 8:45 am

2026ലെ ടി-20 ലോകകപ്പിന് മുന്നോടിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക്. ഓപ്പണറായി ലഭിച്ച എല്ലാ അവസരങ്ങളിലും സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും താരത്തിന് മികച്ച നിലവാരവും കഴിവുമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു.

മാത്രമല്ല വരാനിരിക്കുന്ന ലോകകപ്പില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.

സഞ്ജു സാംസണ്‍, Photo: Johns/x.com

‘ഓപ്പണറായി ലഭിച്ച എല്ലാ അവസരങ്ങളിലും സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2022 ലോകകപ്പ് മുതല്‍ അദ്ദേഹം കാത്തിരിക്കുകയാണ്, ഇത്തവണ അദ്ദേഹത്തിന് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ കഴിവും നിലവാരവും നമുക്കെല്ലാവര്‍ക്കും അറിയാം. ഈ ലോകകപ്പില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെയ്ക്കും എന്നതില്‍ സംശയമില്ല,’ കാര്‍ത്തിക് വീഡിയോയില്‍ പറഞ്ഞു.

ഏറെ അവഗണനകള്‍ക്ക് ശേഷം ടീമില്‍ ഓപ്പണിങ് പൊസിഷനില്‍ സ്ഥാനം ലഭിച്ച സഞ്ജു വെടിക്കെട്ട് പ്രകടനങ്ങള്‍കൊണ്ട് അമ്പരപ്പിച്ചിരുന്നു. മൂന്ന് സെഞ്ച്വറികളടക്കമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട്. തുടര്‍ന്ന് ശുഭ്മന്‍ ഗില്ലിന്റെ വരവോടെ താരത്തിന് തന്റെ ഓപ്പണിങ് പൊസിഷന്‍ നഷ്ടമാവുകയായിരുന്നു. പിന്നീട് വെറുമൊരു പരീക്ഷണ വസ്തു പോലെ സഞ്ജുവിന് കൃത്യമായൊരു സ്ഥാനം നല്‍കാതെ മാനേജ്‌മെന്റ് തട്ടിക്കളിച്ചതും സമ്മര്‍ദത്തില്‍ കളിക്കാന്‍ പ്രേരിപ്പിച്ചതും വ്യക്തമായിരുന്നു.

അതേസമയം വളരെ മോശം പ്രകടനം നടത്തിയ വൈസ് ക്യാപ്റ്റന്‍ ഗില്ലിനെ സൗത്ത് ആഫ്രിക്കയോടുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ പുറത്ത് നിര്‍ത്തി സഞ്ജുവിന് അവസരം നല്‍കിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ജീവന്‍ മരണ പോരാട്ടത്തില്‍ ഓപ്പണിങ്ങില്‍ 22 പന്തില്‍ 37 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഗില്‍ നേടിയതാവട്ടെ വെറും 33 റണ്‍സ്. ഇതോടെ 2026ലെ ടി-20 ലോകകപ്പ് സ്‌ക്വാഡ് പുറത്ത് വിട്ടതോടെ ഗില്ലിനെ പുറത്താക്കി സഞ്ജുവിന് അവസരം നല്‍കുകയായിരുന്നു ബി.സി.സി.ഐ.

View this post on Instagram

A post shared by Dinesh Karthik (@dk00019)

അതേസമയം 2026 ടി-20 ലോകകപ്പ് ടീമില്‍ ഇടം നേടിയ ഇഷാന്‍ കിഷനേയും റിങ്കു സിങ്ങിനേയും ദിനേശ് കാര്‍ത്തിക് വീഡിയേയില്‍ പ്രശംസിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം നടത്തിയും സയ്യിദ് മുഷ്താഖില്‍ ജര്‍ഖണ്ഡിനെ കിരീടമണിയും കിഷന്‍ തിളങ്ങിയെന്നും കാര്‍ത്തിക് പറഞ്ഞു. മാത്രമല്ല ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും റിങ്കു സിങ്ങിന് കോമ്പിനേഷന്‍ പ്രശ്‌നങ്ങള്‍ കാരണം ലഭിച്ചില്ലെന്നും ഇത്തവണ താരത്തിന് അവസരമുണ്ടാകുമെന്നും മുന്‍ താരം പ്രതീക്ഷിക്കുന്നു.

Content Highlight: Dinesh Karthik Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ