ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടി – 20 ലോകകപ്പിന് ഇനി കുറച്ച് നാളുകള്‍ മാത്രമാണുള്ളത്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന് തുടക്കമാവുന്നത് ഫെബ്രുവരി എട്ടിനാണ്. ഹോം അഡ്വാന്റേജുമായി ഇറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം കിരീടം നിലനിര്‍ത്തുകയാണ്.
ഇപ്പോള്‍ ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ബലഹീനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യ ടി – 20യില്‍ മികച്ച ഫോമിലാണെങ്കിലും ടീമിന്റെ ഡെത്ത് ബൗളിങ് ഒരു ആശങ്കയാണെന്ന് അദ്ദേഹം പറഞ്ഞു.
ദിനേശ് കാര്‍ത്തിക്. Photo: Mahi Patel/x.com
ജസ്പ്രീത് ബുംറയ്ക്കൊപ്പം രണ്ട് ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍മാരെയാണ് ടീം തെരഞ്ഞെടുക്കാറുള്ളത്. ഒപ്പം സ്പിന്നിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും ഇത് അവസാന ഓവറുകളില്‍ റണ്‍സ് പ്രതിരോധിക്കുന്നത് പ്രയാസകരമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.
ഇന്ത്യന്‍ ടീം മികച്ച ഫോമിലാണെങ്കിലും പ്ലെയിങ് ഇലവന്‍ ക്രമീകരിക്കുന്നത് നോക്കുമ്പോള്‍ ഡെത്ത് ബൗളിങ് ഒരു ആശങ്കയാണ്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയെ സെക്കന്റ് പേസറായും ശിവം ദുബെയെ മൂന്നാം പേസറുമായാണ് നേരത്തെ കളിച്ചിട്ടുള്ളത്.
കൂടാതെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഇത് കളി അവസാന ഓവറുകളിലേക്ക് നീങ്ങുമ്പോള്‍ റണ്‍സ് പ്രതിരോധിക്കുന്നത് ഇന്ത്യക്ക് വലിയൊരു വെല്ലുവിളിയായി മാറാന്‍ സാധ്യതയുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യ ഇതുവരെ കളിച്ച 36 ടി – 20കളില്‍ 29 എണ്ണത്തിലും ജയിച്ചുവെന്നത് അതിശയകരമാണെന്നും കാര്‍ത്തിക് പറഞ്ഞു. അട്ടിമറികള്‍ സാധ്യമായ ടി – 20യില്‍ ഇത്രയും വിജയങ്ങള്‍ തുടര്‍ച്ചയായി നേടുയെന്നത് വലിയ കാര്യമാണ്. ഈ സ്ഥിരത അനുകരിക്കാന്‍ സാധിക്കാത്തതാണ്. ഈ കണക്കുകള്‍ കാണിക്കുന്നത് ടീമിന്റെ കരുത്തിനെയാണെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Dinesh Karthik says India is in great form but death bowling is a concern in T20 World Cup