സെമി ഫൈനലില്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിന്റെ വിക്കറ്റ് മത്സരത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട് എന്നിവരുടെ വിക്കറ്റുകളേക്കാള്‍ മത്സരത്തില്‍ നിര്‍ണായകമാവുക ബ്രൂക്കിന്റെ വിക്കറ്റാണെന്നും, ഇന്ത്യയുടെ ഏയ്‌സ് പേസറായ ജസ്പ്രീത് ബുംറയെ ബ്രൂക്കിനായി കരുതിവെക്കണമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഓപ്പണിങ് സ്‌പെല്ലുകളില്‍ ബുംറയെ ഉപയോഗിക്കരുതെന്നാണ് ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെടുന്നത്. ജോസ് ബട്‌ലര്‍, ഫില്‍ സാള്‍ട്ട് എന്നിവര്‍ക്കെതിരെ അര്‍ഷ്ദീപ് സിങ്ങിനെയും ഹര്‍ദിക് പാണ്ഡ്യയെയും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ബുംറയെയും വരുണ്‍ ചക്രവര്‍ത്തിയെയും ഹാരി ബ്രൂക്കിനെ നേരിടാനും ഉപയോഗിക്കണമെന്നുമാണ് ഡി.കെ പറയുന്നത്.

ഹാരി ബ്രൂക്. Photo: ICC

സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിനേഷ് കാര്‍ത്തിക്

‘ഞാനായിരുന്നെങ്കില്‍ ബുംറയെ കുറച്ച് സമയം കഴിഞ്ഞ് മാത്രമേ പന്തേല്‍പ്പിക്കുകയുള്ളൂ. എനിക്ക് തോന്നുന്നത് ഏറ്റവും വലിയ വിക്കറ്റ് ഹാരി ബ്രൂക്കിന്റേതായിരിക്കും എന്നാണ്. ഞാന്‍ ബുംറയെ അവനായി മാറ്റി വെക്കും.

ജസ്പ്രീത് ബുംറയെയും വരുണ്‍ ചക്രവര്‍ത്തിയെയും ഒരേസമയം ഒരുപോലെ ഹാരി ബ്രൂക്കിനെതിരെ ഉപയോഗിക്കാനാകും. അവനെ എത്ര വേഗം പുറത്താക്കാന്‍ സാധിക്കുമോ, അത്രയും വേഗം പുറത്താക്കണം.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനൊപ്പം ജസ്പ്രീത് ബുംറ

ബട്‌ലറിനും സാള്‍ട്ടിനും എതിരെ ഹര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിങ്ങും മികച്ച മാച്ച്അപ്പായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. അര്‍ഷ്ദീപിനെതിരെ സാള്‍ട്ട് മുമ്പ് പലപ്പോഴായി പരാജയപ്പെട്ടിട്ടുണ്ട്. വിക്കറ്റ് ടേക്കറായാണ് ഹര്‍ദിക് അറിയപ്പെടുന്നത്. ഞാന്‍ അര്‍ഷ്ദീപിനെയും ഹര്‍ദിക്കിനെയും ഉപയോഗിച്ചാകും ഓവറുകള്‍ ആരംഭിക്കുന്നത്,’ കാര്‍ത്തിക് പറഞ്ഞു.

ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട് നായകന്‍ ബാറ്റ് വീശുന്നത്. ഏഴ് മത്സരത്തില്‍ നിന്നും 32.57 ശരാശരിയില്‍ 228 റണ്‍സ് ബ്രൂക്ക് നേടിയിട്ടുണ്ട്. നിലവില്‍ റണ്‍ വേട്ടക്കാരില്‍ ഏഴാമനാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍.

ഹാരി ബ്രൂക്. Photo: ICC

ഒരു സെഞ്ച്വറിയും ലോകകപ്പില്‍ ബ്രൂക്ക് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ക്യാപ്റ്റന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഇതിനൊപ്പം ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന വ്യക്തഗത സ്‌കോര്‍ നേടുന്ന നായകനെന്ന റെക്കോഡും സ്വാഭാവികമായി ബ്രൂക്കിന്റെ പേരില്‍ തന്നെ എഴുതപ്പെട്ടു.

മാര്‍ച്ച് അഞ്ചിനാണ് ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് 1ലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് മത്സരത്തിന് വേദിയാകുന്നത്.

ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ കിരീടം നേടിയ ടീമുകള്‍ പരസ്പരമേറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. രണ്ട് ടീമുകളില്‍ ഒരാള്‍ മൂന്നാം ലോകകപ്പ് കിരീടമെന്ന മോഹവുമായി ഫൈനലിന് ടിക്കറ്റെടുക്കും.

Content Highlight: Dinesh Karthik on Harry Brook ahead of India-England semi-final