ഒരു തെറ്റും ചെയ്യാത്ത യശസ്വിയെ തുടരെ തുടരെ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണ്: ദിലീപ് വെങ്സര്‍ക്കാര്‍
Sports News
ഒരു തെറ്റും ചെയ്യാത്ത യശസ്വിയെ തുടരെ തുടരെ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണ്: ദിലീപ് വെങ്സര്‍ക്കാര്‍
ശ്രീരാഗ് പാറക്കല്‍
Thursday, 25th December 2025, 4:08 pm

സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ ഇന്ത്യ അവഗണിച്ചതില്‍ വിമര്‍ശനവുമായി മുന്‍ താരവും സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കാര്‍. ഒരു തെറ്റും ചെയ്യാത്ത യശസ്വിയെ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

മാത്രമല്ല സെലക്ഷനില്‍ നിലവിലെ ഫോം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അത് കണക്കിലെടുക്കുമ്പോള്‍ ശുഭ്മന്‍ ഗില്ലിന് പകരം തന്റെ തെരഞ്ഞെടുപ്പ് ജയ്സ്വാളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യശസ്വി ജെയ്‌സ്വാള്‍, Photo: BCCI/x.com

‘ഒരു തെറ്റും ചെയ്യാത്ത യശസ്വിയെ തുടരെ തുടരെ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണ്. കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം മികച്ച ഫോമിലാണ്. ടീമില്‍ എത്താന്‍ അദ്ദേഹം മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ആരും ഒരു മാച്ച് വിന്നറെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്.

എന്നാല്‍ സെലക്ഷനില്‍ നിലവിലെ ഫോം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത് കണക്കിലെടുക്കുമ്പോള്‍ ശുഭ്മന്‍ ഗില്ലിന് പകരം എന്റെ തെരഞ്ഞെടുപ്പ് ജയ്സ്വാളായിരിക്കും. താന്‍ എത്ര മികച്ച പ്രകടനക്കാരനാണെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്, ഇക്കാലത്ത് ടീമിന് ആവശ്യമായ തുടക്കങ്ങള്‍ എല്ലായ്‌പ്പോഴും നല്‍കിയിട്ടുണ്ട്,’ ദിലീപ് വെങ്സര്‍ക്കാര്‍ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോശം ഫോമിനെ തുടര്‍ന്ന് 2026 ടി-20 ലോകകപ്പിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് വൈസ് ക്യാപ്റ്റനും കൂടിയായ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതോടെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ താരത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് കണ്ടറിയണം. മാത്രമല്ല ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ജെയ്‌സ്വാളിനേയും ഇന്ത്യ പരിഗണിച്ചിരുന്നില്ല.

അതേസമയം യശസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, ഗെയ്ക്വാദ് എന്നീ താരങ്ങള്‍ മിന്നും പ്രകടനം നടത്തുമ്പോള്‍ ക്യാപ്റ്റനായ ഗില്ലിനെ ഫോര്‍മാറ്റില്‍ നിന്ന് മാറ്റാന്‍ പല സീനിയര്‍ താരങ്ങളും പറഞ്ഞിട്ടുണ്ട്.

Content Highlight: Dilip Vengsarkar Talking About Yashasvi Jaiswal And Shubhman Gill

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ