ഉദയകൃഷ്ണക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്, ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്: ദിലീഷ് പോത്തന്‍
Film News
ഉദയകൃഷ്ണക്കൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്, ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th June 2023, 1:08 pm

സീനിയറായ പല എഴുത്തുകാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ദിലീഷ് പോത്തന്‍. ചില സിനിമകള്‍ കാണുമ്പോള്‍ അതിലെ എഴുത്തുകാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തോന്നാറുണ്ടെന്നും ഉദയകൃഷ്ണയുമായി ഒരു സിനിമ ചെയ്യാനായി കുറെക്കാലം ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഒപ്പം വര്‍ക്ക് ചെയ്യാനാഗ്രഹിക്കുന്ന എഴുത്തുകാരെ പറ്റി ദിലീഷ് പോത്തന്‍ പറഞ്ഞത്.

‘ചില സിനിമകള്‍ കാണുമ്പോള്‍ അതിന്റെ എഴുത്തുകാരനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പല എഴുത്തുകാരുടെയും കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. രഞ്ജന്‍ പ്രമോദിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. എസ്. ഹരീഷുമായി വര്‍ക്ക് ചെയ്യണമെന്ന് കുറെക്കാലമായി ആഗ്രഹിക്കുന്നുണ്ട്. ഹരീഷുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യമമെന്ന് ആഗ്രഹിക്കുന്നുണ്ട്.

ഉദയേട്ടനൊപ്പം ഒരു സിനിമ ചെയ്യാനായി കുറെക്കാലം ഡിസ്‌കസ് ചെയ്തിരുന്നു. അതൊരു പോയിന്റിലേക്ക് എത്തിയില്ല, എന്നാലും അത്രയും വ്യത്യസ്തമായ സിനിമകള്‍ എഴുതിയിട്ടുള്ള ആളാണ് ഉദയകൃഷ്ണ. ഒരു മാസ് രീതിയിലുള്ള സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ട് ശ്രമിച്ചതാണ്. അങ്ങനെ സീനിയറായ പലരുടേയും കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ പുറത്ത് വന്ന ദിലീഷ് പോത്തന്റെ ചിത്രം. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ, ദേവ്ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight:  dileesh pothen says he want to do a film with Uhay krishna