വെറും മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. തന്റെ ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിപ്പപ്പെട്ടിരുന്നു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ സിനിമകള്‍ പോത്തന്‍ സംവിധാനം ചെയ്തു. സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു. ഇതിനോടകം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.
ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റോന്താണ് ദിലീഷ് പോത്തന്റെ ഒടുവില്‍ പുറത്തിറങ്ങി ചിത്രം. ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഒരു സന്ദേശം കൊടുക്കുക എന്ന ഉദ്ദേശം തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ചുറ്റുമുള്ള സമൂഹത്തെ അതുപോലെ പ്രതിഫലിപ്പിക്കാനാണ് താന് ശ്രമിക്കാറുള്ളതെന്നും താനൊരു കൊമേഴ്ഷ്യല്‍ ഫിലിം മേക്കറാണെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
എന്നിരുന്നാലും തനിക്ക് ശരിയല്ലെന്ന് തോന്നുന്ന ഒരു പൊളിറ്റിക്‌സ് പറയാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു സമൂഹത്തെ കൃത്യമായി സിനിമയിലൂടെ അവതരിപ്പിക്കുക എന്നതാണ് തന്റെ നിലപാടെന്നും സിനിമ ഒരു സന്ദേശം നല്‍കുന്നതാവണം എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ദിലീഷ് പറഞ്ഞു. ദി ന്യു ഇന്ത്യന്‍ എകസ്പ്രസ് കേരളയില്‍ സംസാരിക്കുകയാണ് അദ്ദേഹം.
‘സിനിമ ചെയ്യുമ്പോള്‍ മെസേജ് കൊടുക്കുക എന്നൊരു ഉദ്ദേശം എനിക്കില്ല. എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു സമൂഹത്തിനെ നേര അതുപോലെ തന്നെ റിഫ്‌ളക്ട് ചെയ്യിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഞാന്‍ ആ പോയിന്റില്‍ ഒരു കൊമേഴ്ഷ്യലായിട്ടുള്ള ഫിലിം മേക്കറായിട്ടാണ് നില്‍ക്കാറുള്ളത്. ഞാന്‍ അതിനെ ഭയങ്കര ഇന്‍ഡിപെന്റന്‍ഡായിട്ട് സമീപിക്കാറില്ല എന്നതാണ് വാസ്തവം.
എന്നുവെച്ച് എനിക്ക് ഓക്കെയല്ലാത്ത ഒരു പൊളിറ്റിക്‌സ് പറയാന്‍ ഞാന്‍ ശ്രമിക്കാറുമില്ല. ഞാന്‍ കണ്ടിട്ടുള്ള, എനിക്ക് ഫീല്‍ ചെയ്തിട്ടുള്ള ഒരു സമൂഹത്തെ സിനിമയിലൂടെ കൃത്യമായി അവതരിപ്പിക്കുക എന്നതാണ് ഞാന്‍ എടുക്കുന്ന സ്റ്റാന്‍ഡ്. സിനിമ ഒരു സന്ദേശം നല്‍കുന്നതാവണം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നമ്മള്‍ക്ക് അത് ഫീല്‍ ചെയ്യേണ്ടതാണ്. ഒരു സന്ദേശം കൊടുക്കാനാണെങ്കില്‍ പ്രസംഗിച്ചാല്‍ മതിയെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,’ ദിലീഷ് പോത്തന്‍ പറയുന്നു.
Content Highlight: Dileesh pothan says that he doesn’t intend to convey a message when making a film