മഹേഷിന്റെ പ്രതികാരത്തിന്റെ വിജയം എനിക്ക് ഉണ്ടാക്കിയത് അതാണ്: ദിലീഷ് പോത്തൻ
Film News
മഹേഷിന്റെ പ്രതികാരത്തിന്റെ വിജയം എനിക്ക് ഉണ്ടാക്കിയത് അതാണ്: ദിലീഷ് പോത്തൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 8:56 pm

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അഭിനയ രംഗത്ത് മുമ്പ് തന്നെയുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി ദിലീഷ് പോത്തൻ മുന്നോട്ട് വരുന്നത്. ആദ്യചിത്രം തന്നെ സംസ്ഥാന ദേശീയ അവാർഡുകളും കരസ്ഥമാക്കി.

ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കിയ ചിത്രം മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നാണ്. ഇന്ന് മലയാളത്തിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നാണ് മഹേഷിന്റെ പ്രതികാരം. പോത്തേട്ടൻ ബ്രില്ല്യൻസ് എന്ന തരത്തിലെല്ലാം ദിലീഷ് പോത്തനിലെ സംവിധായകൻ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് വീണ്ടും മലയാളത്തെ ഞെട്ടിച്ചു.

മഹേഷിന്റെ പ്രതികാരം വിജയിച്ചപ്പോൾ അടുത്ത സിനിമ കൊമേർഷ്യലി വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ബോധ്യമാണ് ഉണ്ടാക്കിയതെന്ന് സംവിധായകൻ ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം വിജയിച്ചെന്നും പ്രതീക്ഷിച്ചതിലും തിയേറ്ററിൽ പ്രദർശിപ്പിച്ചെന്നും ദിലീഷ് പറഞ്ഞു. എന്നാൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എടുത്തപ്പോൾ വിജയിച്ചില്ലെങ്കിലും നല്ല സിനിമ ആയാൽ മതി എന്നാണ് കരുതിയതെന്നും ദിലീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘മഹേഷിന്റെ പ്രതികാരം സക്സസ് ആയിരുന്നു. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ തിയേറ്ററിൽ ഓടി എന്നുള്ളതാണ്. ഞാൻ അടുത്ത സിനിമയ്ക്ക് വേണ്ടി ശ്രമിച്ചപ്പോൾ ആളുകൾ നല്ല സിനിമയാണെന്ന് പറയുമ്പോൾ, അത് കൊമേർഷ്യലി വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന ബോധ്യമാണ് എന്റെ ഉള്ളിൽ ഉണ്ടാക്കിയത്. അതാണ് മഹേഷിന്റെ സക്സസ് എനിക്ക് ഉണ്ടാക്കിയത്.

ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി ശ്രമിക്കുമ്പോൾ 50 ദിവസം ഓടേണ്ട സിനിമയാവണമെന്ന് മഹേഷിന്റെ സമയത്ത് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തൊണ്ടിമുതലിൽ എത്തിയപ്പോൾ നല്ല ഒരു സിനിമയായാൽ മതി എന്നായി. കൊമേർഷ്യലി 25 ആയാലും കുഴപ്പമില്ല എന്നൊരു കോൺഫിഡൻസ് ആണ് മഹേഷ് എനിക്ക് തന്നത്.

പിന്നെ ഞാൻ പെട്ടെന്ന് തൊണ്ടിമുതലിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. മഹേഷിന് അവാർഡ് കിട്ടുന്നതിനു മുൻപേ ഞാൻ ഇതിലേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു. അതുകൊണ്ട് പേടിയൊന്നുമില്ലായിരുന്നു. തുടങ്ങി അങ്ങനെ അങ്ങോട്ട് പോയി,’ ദിലീഷ് പോത്തൻ പറഞ്ഞു.

 

Content Highlight: Dileesh pothan about Maheshinte prathikaram movie’s success