ജോണിന്റെ വിക്കിഡോണറുമായി ദിലീപ്
Movie Day
ജോണിന്റെ വിക്കിഡോണറുമായി ദിലീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2012, 11:39 am

തെന്നിന്ത്യന്‍ ചിത്രങ്ങളോട് ബോളിവുഡിന് ഏറെ പ്രിയമാണ്. അതുകൊണ്ടുതന്നെയാണ് തെന്നിന്ത്യയില്‍ ഹിറ്റായ മിക്ക ചിത്രങ്ങളും ചൂടാറും മുമ്പ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നത്. എന്നാലിപ്പോള്‍ ബോളിവുഡില്‍ നിന്നും ഒരു ചിത്രം തെന്നിന്ത്യയിലേക്ക് വരികയാണ്. അതും മലയാളത്തില്‍. []

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ “വിക്കിഡോണര്‍” ആണ് മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നത്. ചിത്രം കണ്ട് ഇഷ്ടപ്പെട്ട നടന്‍ ദിലീപാണ് വിക്കി ഡോണറെ മലയാളത്തിലെത്തിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയവും സാമൂഹികപ്രാധാന്യവുമാണ് ദിലീപിനെ ഏറെ ആകര്‍ഷിച്ചത്.  ഇതാണ് റീമേക്ക് തീരുമാനത്തിന് പിന്നില്‍. ചിത്രത്തിന്റെ റീമേക്ക് അവകാശം നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാമില്‍ നിന്നും ദിലീപ് വാങ്ങിയിട്ടുണ്ട്.

ദിലീപ് നായകനായ മായാമോഹിനി എന്ന ചിത്രത്തില്‍ പ്രധാനവേഷം ചെയ്ത ബാബുരാജിനെയും വിക്കി ഡോണറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിത്രത്തിലെ ഡോക്ടര്‍ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുക. മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഉപജീവനത്തിനായി ബീജദാനം തിരഞ്ഞെടുക്കുന്ന വിക്കി അറോറ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളാണ് നര്‍മത്തിന്റെ മേമ്പൊടിയോടെ “വിക്കിഡോണര്‍” പറഞ്ഞത്. ചിത്രം സൂപ്പര്‍ഹിറ്റായതിനെതുടര്‍ന്ന് ചിത്രത്തിന് രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ജോണ്‍ എബ്രഹാമും സംവിധായകന്‍ ഷൂജിത് സര്‍ക്കാരും ആലോചിച്ചിരുന്നു.

ബീജദാനത്തിന്റെ മഹത്വം ചിത്രീകരിച്ച “വിക്കിഡോണര്‍” നിര്‍മിച്ചത് നടന്‍ ജോണ്‍ എബ്രഹാമാണ്. ആയുഷ്മാന്‍ഖുറാന, യാമിഗൗതം, അനുകപൂര്‍ എന്നിവര്‍ അഭിനയിച്ച “വിക്കിഡോണര്‍” ബോക്‌സ്ഓഫീസില്‍ അപ്രതീക്ഷിത വിജയമാണ് നേടിയത്.