ഞാന്‍ പറഞ്ഞതുപോലെയല്ല ലാലേട്ടന്‍ ചെയ്തത്, ആ ചിരിയിലെ മാസ് അപ്പീല്‍ ഒറ്റ ഷോട്ടിലൂടെ മനസിലായി: ഡിജോ ജോസ് ആന്റണി
Malayalam Cinema
ഞാന്‍ പറഞ്ഞതുപോലെയല്ല ലാലേട്ടന്‍ ചെയ്തത്, ആ ചിരിയിലെ മാസ് അപ്പീല്‍ ഒറ്റ ഷോട്ടിലൂടെ മനസിലായി: ഡിജോ ജോസ് ആന്റണി
അമര്‍നാഥ് എം.
Tuesday, 14th April 2026, 6:29 pm

മ്യൂസിക് ആല്‍ബം ചെയ്തുകൊണ്ട് സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ഡിജോ ജോസ് ആന്റണി. 2018ല്‍ പുറത്തിറങ്ങിയ ക്വീനിലൂടെയാണ് ഡിജോ സ്വതന്ത്ര സംവിധായകനായത്. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിലൂടെ ഡിജോ ശ്രദ്ധ നേടി. സിനിമക്ക് പുറമെ പരസ്യചിത്രങ്ങളും ഡിജോ അണിയിച്ചൊരുക്കിയിട്ടുണ്ട്.

അത്തരത്തില്‍ ഡിജോ ഒരുക്കിയ പരസ്യങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കൈരളി ടി.എം.ടിയുടെ പരസ്യം. 2019ല്‍ പുറത്തിറങ്ങിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിലെ മാസ് ഓറ പരമാവധി ഉപയോഗിച്ച പരസ്യം ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി.

ഡിജോ ജോസ് ആന്റണി Photo: Screen grab/ Galatta Plus

പരസ്യത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഡിജോ ജോസ് ആന്റണി. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം താന്‍ നേരെ ചെയ്തത് ഈ പരസ്യമായിരുന്നെന്ന് ഡിജോ പറഞ്ഞു. ഒരുപാട് ടെന്‍ഷനുണ്ടായിരുന്നെന്നും എന്നാല്‍ മോഹന്‍ലാലിനെ ഏറ്റവും മാസ് ആയി അവതരിപ്പിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശമെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ആദ്യമായി ചെയ്ത പരസ്യമായിരുന്നു അത്. മുമ്പ് പരസ്യം ചെയ്ത എക്‌സ്പീരിയന്‍സ് ഇല്ലായിരുന്നു. ലാലേട്ടനെ വെച്ചാണ് പരസ്യം ചെയ്യുന്നതെന്ന് ഓര്‍ക്കണം. അദ്ദേഹത്തെ ഒരേ സമയം മാസായും ക്ലാസായും പ്രസന്റ് ചെയ്യണം. സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍, ആമിര്‍ ഖാന്റെ ദംഗല്‍ ഒക്കെ കണ്ടിട്ട് ആ ഒരു മോഡല്‍ സാധനം ചെയ്യാനാണ് പ്ലാന്‍ ചെയ്തത്.

കൈരളി ടി.എം.ടിയുടെ പരസ്യത്തില്‍ Photo: Screen grab/ Dijo Jose Antony

ലാലേട്ടന്‍ സീനിലേക്ക് നടന്നുവന്ന് ആ ഗുസ്തിക്കാരനെ മലര്‍ത്തിയടിച്ച ശേഷം ഷോള്‍ഡര്‍ ഒന്ന് ഇളക്കി മാസ് ലുക്ക് തരേണ്ട ഒരു ഷോട്ടുണ്ട്. ഇത് ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു. മാസ്സായിട്ട് നോക്കണം എന്ന് പറഞ്ഞപ്പോള്‍ ‘ശരി മോനേ’ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എന്നിട്ട് മോണിറ്റര്‍ നോക്കാന്‍ പോയി. പുള്ളി ആ ഷോട്ടില്‍ ഷോള്‍ഡറിലെ പൊടി ഇളക്കിവിട്ടിട്ട് ഒരു ചിരി ചിരിച്ചു. ആ ചിരിയില്‍ എക്‌സ്ട്രീം മാസ് അപ്പീല്‍ ഉണ്ടായിരുന്നു,’ ഡിജോ ജോസ് ആന്റണി പറഞ്ഞു.

താന്‍ പറഞ്ഞതുപോലെയല്ല മോഹന്‍ലാല്‍ ചെയ്തതെന്നും അദ്ദേഹം ആ സമയത്ത് ചെയ്ത ആക്ടില്‍ താന്‍ പൂര്‍ണമായും തൃപ്തനായെന്നും ഡിജോ കൂട്ടിച്ചേര്‍ത്തു. മാസ് എന്നത് ഇങ്ങനെയും കാണിക്കാമെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു. ഇന്നും തനിക്ക് കിട്ടിയതില്‍ വെച്ച് മികച്ച ഷോട്ടായിരുന്നു അതെന്നും ഡിജോ പറയുന്നു.

ഡിജോ ജോസ് ആന്റണിയും മോഹന്‍ലാലും Photo: Dijo Jose Antony/ Facebook

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന പള്ളിച്ചട്ടമ്പിയാണ് ഡിജോയുടെ പുതിയ ചിത്രം. 1950കളില്‍ കേരളത്തില്‍ നടന്ന വിമോചന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പീരിയോഡിക് ആക്ഷന്‍ ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രം വിഷുദിനത്തില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Dijo Jose Antony shares the shooting experience with Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം