ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെയും ചിത്രം പങ്കുവെച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്.
ശക്തമായ സംഘടനാ ശേഷിയെ താന്‍ എല്ലായ്‌പ്പോഴും വിലമതിക്കുന്നുണ്ടെന്നും അതേസമയം, താന്‍ ആര്‍.എസ്.എസിനെയും മോദിയെയും എതിര്‍ക്കുന്നവനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിലെ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് വിശദീകണം.
‘ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെ സംഘടനാശക്തിയെ പിന്തുണയ്ക്കുന്നു. അതേമയം തന്നെ ഞാന്‍ ആര്‍.എസ്.എസിനെയും മോദിയെയും എതിര്‍ക്കുന്നവനുമാണ്. എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.
ഞാന്‍ ആര്‍.എസ്.എസിന്റെയും മോദിയുടെയും കടുത്ത വിമര്‍ശകനമായിരുന്നു, ഇപ്പോഴും അതെ, തുടര്‍ന്നും അങ്ങനെ തന്നെയായായിരിക്കും. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുതയും പ്രശംസിക്കുകയും ചെയ്യുന്നത് ഒരു മോശപ്പെട്ട പ്രവൃത്തിയാണോ?’ ദിഗ്വിജയ് സിങ്ങിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലും ദിഗ്വിജയ് സിങ് സമാനാഭിപ്രായം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം നടക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം. പി.സി.സി അധ്യക്ഷന്‍മാരെ നിയമിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും പാര്‍ട്ടിക്ക് താഴെത്തട്ടില്‍ ചലനമില്ലെന്നും സിങ് കുറ്റപ്പെടുത്തി.
”ക്വാറ സൈറ്റിലാണ് ഞാന്‍ ഈ ചിത്രം കണ്ടത്. വളരെയധികം ആകര്‍ഷിച്ച ചിത്രമാണിത്. നേതാക്കളുടെ കാല്‍ക്കീഴില്‍, തറയില്‍ ഇരുന്ന ആര്‍.എസ്.എസിലെയും ജനസംഘത്തിലെയും സാധാരണ പ്രവര്‍ത്തകര്‍ വളര്‍ന്നു സംസ്ഥാന മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഇതാണ് സംഘടനാ ശക്തി. ജയ് സീതറാം” സിങ് എക്‌സില്‍ പങ്കുവെച്ചു.
ഈ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി ദിഗ്വിജയ് സിങ് രംഗത്തെത്തിയത്.
Content Highlight: Digvijay Singh explains why he shared a picture of Narendra Modi and LK Advani.