ഗസയ്ക്ക് വേണ്ടി ‘ഡിജിറ്റല്‍ സൈലന്‍സ് ഫോര്‍ ഗസ’ ക്യാമ്പയിന് തുടക്കം. ഇന്ന് (ശനി) മുതലാണ് ക്യാമ്പയിന്‍ തുടക്കം കുറിക്കുന്നത്. രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടയില്‍ 30 മിനിറ്റ് മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചായിരിക്കും പ്രതിഷേധം.
‘നമുക്കെല്ലാവര്‍ക്കും ചെയ്യാനാകുന്ന ഏറ്റവും ചെറിയൊരു പ്രതികരണമാണിത്. ഇന്റര്‍നെറ്റില്ല. സിഗ്നല്‍ ഇല്ല. ശബ്ദമില്ല. ഈ തടവറയ്ക്കപ്പുറം മറ്റൊരു ലോകമില്ലാത്ത മനുഷ്യര്‍ക്കായി…. നമ്മുടെയെല്ലാം ഫോണുകളില്‍ ഇന്ന് രാത്രി ഒമ്പത് മണിയുടെ അലാറം സെറ്റ് ചെയ്തുവെക്കാം. ആ മനുഷ്യര്‍ക്ക് വേണ്ടി,’ ക്യാമ്പയിന് ആഹ്വാനം ചെയ്തുകൊണ്ട് ഗസയില്‍ നിന്ന് ഡോ. എസ്സീദീന്‍ എഴുതി.
‘ഡിജിറ്റല്‍ സൈലന്‍സ് ഫോര്‍ ഗസ’യെ ആഗോള തലത്തില്‍ തന്നെയുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനമായി കണക്കാക്കും. ഈ സംഘടിത പ്രതിരോധം തത്സമയ ട്രാഫിക് സ്റ്റാറ്റിസ്റ്റിക്സിനെ സാരമായി ബാധിക്കും.
ഡിജിറ്റല്‍ ആക്റ്റിവിറ്റിയിലുണ്ടാകുന്ന നിശ്ചലത വിസിബിലിറ്റി അല്‍ഗോരിതങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. കൂടാതെ യൂസേഴ്‌സിന്റെ അസാധാരണമായ ഒരു പെരുമാറ്റത്തെ കുറിച്ച് സെര്‍വര്‍മാര്‍ക്ക് ഡിജിറ്റലി ടെക്നിക്കല്‍ സിഗ്‌നല്‍ നല്‍കപ്പെടും.
നിലവില്‍ എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ‘ഡിജിറ്റല്‍ സൈലന്‍സ് ഫോര്‍ ഗസ’ ക്യാമ്പയിന്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും പിന്തുണ നേടുകയും ചെയ്യുന്നുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഗസയില്‍ ഇസ്രഈലി സര്‍ക്കാര്‍ യുദ്ധമാരംഭിക്കുന്നത്. കഴിഞ്ഞ 21 മാസമായി ഇസ്രഈല്‍ ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്.
2025 മാര്‍ച്ച് 18ന് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് നിശ്ചയിച്ചിരുന്ന ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ചിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ മരണസംഖ്യ 57,200 കവിഞ്ഞു. ഇസ്രഈല്‍ ആക്രമണത്തില്‍ 138,425ലധികം പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Digital Silence for Gaza campaign