തിരുവനന്തപുരം: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വയം സംരംഭകരായ സ്ത്രീകള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ വിജയകരമായി വിപണി കണ്ടെത്താനാകുമെന്ന് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എക്‌സിക്യൂട്ടീവ് എജ്യുക്കേഷന്‍ ആന്‍ഡ് കണ്ടിന്യൂയിങ് സ്റ്റഡീസ് ഡയറക്ടര്‍ സന്തോഷ് കുറുപ്പ്. ഫേയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കൃത്യമായ ടൂളുകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിങ് നടത്തിയാല്‍ ഉത്പന്നങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനായി കൈയിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തന്നെ ധാരാളമാണെന്നും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ സംരംഭകര്‍ക്കായി ഒരുക്കിയ പ്രദര്‍ശന വിപണന മേള ‘എസ്‌കലേറ 2025’ ല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
സ്വയം സംരംഭകരുടെ മുന്നിലുള്ള ഒരു വെല്ലുവിളി തങ്ങളുടെ ഉത്പന്നങ്ങള്‍ എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയാത്തതാണെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എക്‌സ്‌പെര്‍ട്ട് നന്ദു സുരേന്ദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ മേഖലയില്‍ വലിയ വിപ്ലവങ്ങള്‍ നടക്കുന്ന ഇക്കാലത്ത് നമ്മുടെ കൈയിലുള്ള ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിച്ച് എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നും ഇതിന് സഹായിക്കുന്ന ഒരുപാട് ഡിജിറ്റല്‍ ടൂളുകള്‍ ഇന്ന് ലഭ്യമാണെന്നും ഇത് എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്പന്നങ്ങളുടെ ഉപയോക്താക്കളെ തിരിച്ചറിഞ്ഞുള്ള ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങുമാണ് വിപണി കണ്ടെത്താനുള്ള വിജയകരമായ മാര്‍ഗമെന്നും ഇത് മനസിലാക്കി വിപണിയറിഞ്ഞു വേണം സംരംഭകര്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടതെന്നും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് മാനേജര്‍ വിധു വിന്‍സെന്റ് പറഞ്ഞു.