വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു; ചികിത്സ കിട്ടാതെ ഭിന്നശേഷിക്കാരി മരിച്ചതായി പരാതി
Kerala
വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു; ചികിത്സ കിട്ടാതെ ഭിന്നശേഷിക്കാരി മരിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2025, 7:50 am

മാനാഞ്ചിറ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ പതിനാറുകാരി മരിച്ചതായി പരാതി. മലപ്പുറം പുളിക്കല്‍ സ്വദേശി അശ്വതയാണ് മരിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കിയയച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ബുധനാഴ്ചയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. ജന്മനാ നടക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടിയാണ് അശ്വത. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ജൂലൈ 16നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ വെന്റിലേറ്ററില്‍ ഒഴിവില്ലെന്ന് പറഞ്ഞ് രോഗിയെ മടക്കുകയായിരുന്നു.

തുടര്‍ന്ന് അശ്വതയെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചെലവ് താങ്ങാനാവാത്തതിനെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് ഒരു ദിവസം മാത്രമാണ് കുടുംബത്തിന് ചികിത്സ നല്‍കാന്‍ കഴിഞ്ഞത്.

വെന്റിലേറ്റര്‍ വേണമെങ്കില്‍ അവിടെ കിടക്കുന്ന രോഗി മരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് അശ്വതയെ ആദ്യം അഡ്മിറ്റ് ചെയ്തത്. അവിടെ നടന്ന പരിശോധയില്‍ ന്യൂമോണിയ ബാധയുണ്ടെന്ന് അറിഞ്ഞു. കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതോടെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ബുധനാഴ്ച രാവിലെയോടെ കുട്ടിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവെന്നും വെന്റിലേറ്റര്‍ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ മരിച്ചെങ്കില്‍ മാത്രമേ വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റാനാകുള്ളുവെന്ന് ഡോക്ടര്‍ പറഞ്ഞതായും കുടുംബം പ്രതികരിച്ചു.

പുറമെയുള്ള ഏതെങ്കിലുമൊരു ആശുപത്രിയെ സമീപിക്കാനും ഡോക്ടര്‍ പറഞ്ഞതായും കുടുംബം ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

Content Highlight: Again complaint against kozhikode medical college