389 എണ്ണമൊന്നുമല്ല, ഉള്ള നാല് ചാത്തന്മാര്‍ തന്നെ കിടിലമാണ്
Malayalam Cinema
389 എണ്ണമൊന്നുമല്ല, ഉള്ള നാല് ചാത്തന്മാര്‍ തന്നെ കിടിലമാണ്
അമര്‍നാഥ് എം.
Saturday, 20th September 2025, 1:51 pm

പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ള ഴോണറാണ് ഫാന്റസി. ഏത് പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ സ്വീകാര്യമായി കഥയൊരുക്കുക എന്നത് എളുപ്പമല്ല. എല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കാണുന്ന, എത്ര വലിയ സിനിമയാണെങ്കിലും ഇഷ്ടമായില്ലെങ്കില്‍ കീറിമുറിച്ച് വിമര്‍ശിക്കുന്ന മലയാളികള്‍ക്കിടയിലേക്ക് ഫാന്റസി സിനിമകള്‍ ഇറക്കാന്‍ പലരും ധൈര്യപ്പെടാറില്ല.

എന്നാല്‍ നല്ല സിനിമയാണെങ്കില്‍ അത് ആഘോഷമാക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. മലയാളികള്‍ കേട്ടുവളര്‍ന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുക എന്ന വലിയ റിസ്‌ക് സംവിധായകന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏറ്റവുമുയര്‍ന്ന കളക്ഷന്‍ ലഭിക്കുന്ന മലയാളചിത്രമെന്ന റെക്കോഡ് ലോകഃയുടെ പേരിലാണ് ഇപ്പോള്‍.

കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോകഃയില്‍ കൈയടി നേടിയ അതിഥിവേഷമായിരുന്നു ടൊവിനോയുടേത്. മൈക്കള്‍ അഥവാ ചാത്തന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ ലോകഃയില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഗോഡ് ഓഫ് മിസ്ശീഫ്’ (കുരുത്തക്കേടിന്റെ ദൈവം) എന്ന രീതിയിലാണ് ലോകഃയില്‍ ചാത്തനെ അവതരിപ്പിച്ചിരിക്കുന്നത്. ടൊവിനോയുടെ പ്രകടനവും അത് ശരിവെക്കുന്ന തരത്തിലായിരുന്നു.

ചാത്തനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടാണ് ലോകഃയുടെ അടുത്ത ഭാഗം ഒരുങ്ങുകയെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ ചാത്തന്റെ റേഞ്ച് എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നുണ്ട്. മലയാളസിനിമയില്‍ ചാത്തന്‍ പ്രധാന കഥാപാത്രമായി വരുന്നത് ഇത് ആദ്യമായല്ല. ലോകഃക്ക് മുമ്പ് പ്രേക്ഷകരെ വിസ്മയിപ്പിച്ച ചാത്തന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രം മലയാളത്തില്‍ നിന്നായിരുന്നു ഒരുങ്ങിയത്. എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ വിസ്മയിപ്പിച്ച ചിത്രം ചാത്തനെ ബന്ധപ്പെടുത്തിയായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറി. കുട്ടിച്ചാത്തനായി പി.എം. രാംനാഥ് നടത്തിയ പ്രകടനം പകരം വെക്കാനില്ലാത്തതായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്റെ തിരക്കഥയൊരുക്കിയ രഘുനാഥ് പലേരി ലോകഃയില്‍ ഭാഗമായതും കൂട്ടിവായിക്കാവുന്നതാണ്.

കുട്ടിച്ചാത്തന് ശേഷം കുറച്ച് വലിയൊരു ചാത്തനെയും മലയാള സിനിമ പരിചയപ്പെട്ടു. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ അനില്‍- ബാബു ഒരുക്കിയ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലൂടെ പുതിയൊരു ചാത്തനെ മലയാളസിനിമക്ക് ലഭിച്ചു. ചാത്തനായി ഇന്നസെന്റിന്റെ ഗംഭീര പ്രകടനമായിരുന്നു കാണാന്‍ സാധിച്ചത്. 90സ് കിഡ്‌സിന്റെ ഇഷ്ടസിനിമകളിലൊന്നായി സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി മാറി.

പിന്നീട് ചാത്തന്‍ എന്ന വിഷയം സിനിമാക്കാര്‍ അധികം ഉപയോഗിച്ചിരുന്നില്ല. 2024ലാണ് പിന്നീട് ചാത്തന്‍ മലയാള സിനിമയില്‍ റീ എന്‍ട്രി നടത്തിയത്. ഇന്ത്യയൊട്ടാകെ ചര്‍ച്ചയായ ഭ്രമയുഗത്തില്‍ ചാത്തനായിരുന്നു പ്രധാന കഥാപാത്രം. നായകനായ ചാത്തനെ കണ്ടുശീലിച്ച മലയാളികളുടെ മുന്നിലേക്ക് ചാത്തന്റെ നെഗറ്റീവ് വശങ്ങള്‍ കാണിച്ച ചിത്രമായിരുന്നു ഭ്രമയുഗം.

മമ്മൂട്ടി എന്ന നടന്റെ രാക്ഷസ നടനമായിരുന്നു ഭ്രമയുഗത്തില്‍ കാണാന്‍ സാധിച്ചത്. കൊടുമണ്‍ പോറ്റിയായും ചാത്തനായും പകരം വെക്കാനില്ലാത്ത പ്രകടനം നടത്തിയ മമ്മൂട്ടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഞൊടിയിടയില്‍ ഭാവങ്ങള്‍ മാറുന്ന ചാത്തനായി മമ്മൂട്ടി ഭ്രമയുഗത്തില്‍ നിറഞ്ഞാടി.

ഏറ്റവുമൊടുവില്‍ വികൃതിയുടെ ദൈവമായ ചാത്തനായി ടൊവിനോയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്‍ട്രോ സീന്‍ മുതല്‍ ആ കഥാപാത്രത്തിന്റെ സ്വഭാവവും പെരുമാറ്റവും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ ടൊവിനോക്ക് സാധിച്ചു. എന്‍ഡ് ക്രെഡിറ്റ് സീനില്‍ അതുവരെ കണ്ട രസികനായ ചാത്തനില്‍ നിന്നുള്ള ട്രാന്‍സ്‌ഫോര്‍മേഷനും എടുത്തു പറയേണ്ടതാണ്.

ഒരേ ആശയം പല സംവിധായകരും വെവ്വേറെ നടന്മാരിലൂടെ അവതരിപ്പിക്കുക എന്നതും അത് പ്രേക്ഷകര്‍ അംഗീകരിക്കുക എന്നതും അപൂര്‍വമായ കാര്യമാണ്. മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ അത് സാധ്യമായത് ഇന്‍ഡസ്ട്രിയുടെ വിജയമാണ്. വരട്ടെ… ചാത്തന്മാര്‍ വരട്ടെ…

Content Highlight: Different types of Chathan characters in Malayalam cinema

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം