യൂബറില്‍ ഒരേ യാത്രയ്ക്ക് രണ്ട് ഫോണുകളില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക്; വിമര്‍ശനവുമായി ഉപഭോക്താക്കള്‍
national news
യൂബറില്‍ ഒരേ യാത്രയ്ക്ക് രണ്ട് ഫോണുകളില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ വ്യത്യസ്ത നിരക്ക്; വിമര്‍ശനവുമായി ഉപഭോക്താക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 12:01 pm

ന്യൂദല്‍ഹി: യൂബറില്‍ ഓരേ യാത്രയ്ക്ക് വ്യത്യസ്ത ഫോണുകളില്‍ നിന്നും ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നത് വ്യത്യസ്ത നിരക്കെന്ന് കാണിച്ച് എക്‌സ് പോസ്റ്റ്. മകളുടെ ഫോണിലും തന്റെ ഫോണിലും ഒരേ സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നത് വ്യത്യസ്ത നിരക്കാണെന്നാണ് എക്‌സ് ഉപഭോക്താവ് കുറിച്ചിരിക്കുന്നത്.

‘ഒരേ പിക്കപ്പ് പോയിന്റും ലക്ഷ്യസ്ഥാനവും സമയവും എന്നാല്‍ ബുക്ക് ചെയ്യുന്നത് രണ്ട് ഫോണുകളില്‍ നിന്നാകുമ്പോള്‍ ലഭിക്കുന്നത് രണ്ട് നിരക്കുകള്‍. എന്റെ മകളുടെ ഫോണില്‍ നിന്നും ബുക്ക് ചെയ്ത നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എനിക്ക് എപ്പോഴും ഉയര്‍ന്ന നിരക്കാണ് ലഭിക്കുന്നത്. ഇതിന് കാരണമെന്താണ്? നിങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചാണ് എക്‌സ് പോസ്റ്റ്. കൂടാതെ രണ്ട് ഫോണുകളില്‍ നിന്നും ബുക്ക് ചെയ്തപ്പോള്‍ ലഭിച്ച നിരക്കിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം വ്യത്യസ്ത ഫോണുകളില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ നിരവധി പേര്‍ക്ക് ഇത്തരം അനുഭവം ഉണ്ടായതായി മറ്റ് യൂബര്‍ ഉപയോക്താക്കളും ഈ പോസ്റ്റിന് താഴെ പ്രതികരിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡില്‍ നിന്നും ഐ.ഒ.എസില്‍ നിന്നും ബുക്ക് ചെയ്യുമ്പോഴാണ് ഈ വ്യത്യാസമെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്. കൂടാതെ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കാള്‍ ഐ.ഒ.എസ് ഫോണുകളില്‍ പല ആപ്പുകളും കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.

പിന്നാലെ സുധീര്‍ എന്ന ഉപഭോക്താവിന്റെ പോസ്റ്റ് വൈറലായതോടെ യൂബര്‍ സപ്പോര്‍ട്ട് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.

നിരവധി കാര്യങ്ങള്‍ വിലയെ സ്വാധീനിക്കും. പിക്ക് അപ്പ് പോയിന്റ്, ഇ.ടി.എ, ഡ്രോപ്പ് ഓഫ് പോയിന്റ് തുടങ്ങിയവയെല്ലാം വിലയെ സ്വാധീനിക്കുമെന്നും യാത്രക്കാരുടെ ഫോണിന്റെ അടിസ്ഥാനത്തില്‍ വിലയില്‍ വ്യത്യാസം വരില്ലെന്നുമാണ് യൂബറിന്റെ വിശദീകരണം.

Content Highlight: Different fares when booked from two phones for the same ride on Uber; Customers with criticism