ബോക്‌സ് ഓഫീസില്‍ ഈ വര്‍ഷം വന്‍ വിജയം സ്വന്തമാക്കിയ ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകനായി വേഷമിട്ടത്. തിയേറ്ററില്‍ വലിയ വിജയമായ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. ഒ.ടി.ടിയിലും മികച്ച പ്രതികരണമാണ് ഡീയസ് ഈറേ സ്വന്തമാക്കുന്നത്.
എന്നാല്‍ ഒ.ടി.ടിയില്‍ ഹിറ്റായതിന് പിന്നാലെ ചില ട്രോള്‍ വീഡിയോകള്‍ വൈറലായിരിക്കുകയാണ്. ഡീയസ് ഈറേയുടെ ക്ലൈമാക്‌സും മലയാളത്തിലെ ഹിറ്റ് സിനിമകളിലൊന്നായ ഇന്‍ ഹരിഹര്‍ നഗറും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോയാണ് വൈറലായി മാറിയത്. ക്ലൈമാക്‌സിന് മുമ്പ് പ്രണവിന്റെ കഥാപാത്രം ജയ കുറുപ്പിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് ജിബിന്റെ കഥാപാത്രവുമായുള്ള ഡയലോഗിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
പ്രണവിന്റെ കഥാപാത്രത്തെ ജയ കുറുപ്പ് ആക്രമിക്കുന്ന രംഗവും അതിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗും മിക്‌സ് ചെയ്ത വീഡിയോ ഇന്‍സ്റ്റഗ്രാം, എക്‌സ്, ഫേസ്ബുക്ക് തുടങ്ങി സകല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായി. ഏറ്റവുമൊടുവില്‍ ‘എന്റമ്മോ, ആ തള്ളക്ക് പ്രാന്താടാ’ എന്ന് പ്രണവ് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഒറിജനില്‍ വീഡിയോയുമായി അങ്ങേയറ്റം സിങ്കാകുന്ന തരത്തില്‍ ഈ വീഡിയോ എഡിറ്റ് ചെയ്തത് ഗോകു കട്ട്‌സ് എന്ന ചാനലാണ്. ഇതിനോടകം ഒരുലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. അയ്യായിരത്തിലധികം ലൈക്കുകളും ഈ വീഡിയോ സ്വന്തമാക്കി. വീഡിയോയുടെ കമന്റ് ബോക്‌സും രസകരമാണ്.
‘ഡീയസ് ഈറേയുടെ വീഡിയോയും ചുരുളിയിലെ ഡയലോഗും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു’ എന്നാണ് പ്രധാന കമന്റ്. ‘തിയേറ്ററില്‍ കണ്ടപ്പോള്‍ മനസില്‍ വന്ന ഡയലോഗ് ഇതായിരുന്നു’ എന്നും ഒരാള്‍ കമന്റ് പങ്കുവെച്ചു. സീരിയസായിട്ടുള്ള ഒരു സീനിനെ കോമഡിയാക്കിയ മഹാപാപി എന്നും കമന്റുണ്ട്.
വളരെ ചുരുക്കം കഥാപാത്രങ്ങളെ അണിനിരത്തി രാഹുല്‍ സദാശിവന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ഡീയസ് ഈറേ. പഴയ കാമുകിയുടെ മരണ ശേഷം തന്റെ വീട്ടില്‍ നടക്കുന്ന അമാനുഷിക സംഭവങ്ങളും അതിനെക്കുറിച്ച് നായകന്‍ നടത്തുന്ന അന്വേഷണവുമാണ് ഡീയസ് ഈറേയുടെ കഥ. പ്രണവിന് പുറമെ ജിബിന്‍ ഗോപിനാഥും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.