മെസിക്ക് റഫറിമാരുടെയും നിയമങ്ങളുടെയും പിന്തുണയുണ്ട്, എന്നാല്‍ മറഡോണ അങ്ങനെയായിരുന്നില്ല: ജര്‍മന്‍ ഇതിഹാസം
Argentina
മെസിക്ക് റഫറിമാരുടെയും നിയമങ്ങളുടെയും പിന്തുണയുണ്ട്, എന്നാല്‍ മറഡോണ അങ്ങനെയായിരുന്നില്ല: ജര്‍മന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 7:11 pm

അര്‍ജന്റൈന്‍ ഇതിഹാസങ്ങളില്‍ ഡീഗോ മറഡോണയാണോ ലയണല്‍ മെസിയാണോ മികച്ചതെന്ന ചോദ്യത്തിന് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ ഇതിഹാസം കാള്‍ ഹെയ്ന്‍സ്.

റഫറിമാരുടെയും നിയമങ്ങളുടെയും പിന്തുണയോട് കൂടിയാണ് മെസി മത്സരിക്കുന്നതെന്നും എന്നാല്‍ മറഡോണക്ക് ചുറ്റും എതിരാളികളുണ്ടായിരുന്നെന്നും ഹെയ്ന്‍സ് പറഞ്ഞു. കൊറിയര്‍ ഡെല്ലോ സ്‌പോര്‍ടിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മെസിയാണോ മറഡോണയാണെ മികച്ചതെന്ന് ചോദിച്ചാല്‍ ഞാന്‍ മറഡോണയെ തെരഞ്ഞെടുക്കും. കാരണം മറഡോണ എതിരാളികളാല്‍ തോല്‍ക്കപ്പെടാറുണ്ട്. എന്നാല്‍ മെസിക്ക് എപ്പോഴും റഫറിമാരുടെയും നിയമങ്ങളുടെയും പിന്തുണ ലഭിക്കാറുണ്ട്.

മെസി ലോകകപ്പ് നേടിയെന്നുള്ള കാര്യം ശരി തന്നെ. നല്ല കഴിവുള്ളവര്‍ ലോകകപ്പില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയെ പോലെ. എന്നാല്‍ ലെവന്‍ഡോസ്‌കിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.

എന്റെ അഭിപ്രായത്തില്‍ മെസിയെക്കാളും റൊണാള്‍ഡോയെക്കാളുമൊക്കെ മികച്ചത് ലെവന്‍ഡോസ്‌കി തന്നെ,’ ഹെയ്ന്‍സ് പറഞ്ഞു.

മറ്റൊരവസരത്തില്‍ ഹെയ്ന്‍സ് താന്‍ മെസിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ തിരുത്തലുകള്‍ നടത്തിയിരുന്നു. തനിക്ക് മെസിയോട് ബഹുമാനമുണ്ടെന്നും ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത കഴിവുകള്‍ മെസിക്കുണ്ടെന്നുമാണ് അദ്ദേഹം മുണ്ടോ ഡിപോര്‍ട്ടിവയോട് പറഞ്ഞിരുന്നത്.

മറ്റാരുടെയും സഹായമില്ലാതെ മത്സരം ജയിപ്പിക്കാനുള്ള സ്‌കില്‍ മെസിക്കുണ്ടെന്നും ഹെയ്ന്‍സ് പറഞ്ഞിരുന്നു.

എന്നിരുന്നാലും, ഇതാദ്യമായല്ല ഹെയ്ന്‍സ് മെസി മികച്ച താരമല്ലെന്ന് പരാമര്‍ശിക്കുന്നത്. 2021ല്‍ മെസി ബാഴ്‌സലോണക്കായി കളിക്കുമ്പോള്‍ അന്നത്തെ ബയേണ്‍ മ്യൂണിക് ഫോര്‍വേഡ് റോബര്‍ട് ലെവന്‍ഡോസ്‌കി മെസിയെക്കാള്‍ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Diego Maradona is better than Lionel Messi, says Karl Heinz