'എന്റെ കല്യാണത്തിന് പത്ത് പവന്റെ മാല തരാമെന്ന് മണിച്ചേട്ടന്‍ പറഞ്ഞിരുന്നു, പക്ഷെ പുള്ളിക്കാരനങ്ങ് പോയില്ലേ'
Entertainment news
'എന്റെ കല്യാണത്തിന് പത്ത് പവന്റെ മാല തരാമെന്ന് മണിച്ചേട്ടന്‍ പറഞ്ഞിരുന്നു, പക്ഷെ പുള്ളിക്കാരനങ്ങ് പോയില്ലേ'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 6:20 pm

സ്റ്റേജ് പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്. താരത്തിന്റെ അപ്രതീക്ഷിതമായ മരണവാര്‍ത്ത സിനിമാ ലോകത്തെയും മലയാളി പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു. സുബിയുടെ പഴയ വീഡിയോകളും മറ്റും വീണ്ടും ചര്‍ച്ചയാകുകയാണിപ്പോള്‍.

ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ കലാഭവന്‍ മണിയെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. തന്റെ കല്യാണത്തിന് പത്ത് പവന്റെ മാല തരാമെന്നും വേഗം വിവാഹം ചെയ്ത് അമ്മക്കൊരു അത്താണി നല്‍കണമെന്നും മണി പറഞ്ഞിരുന്നു എന്ന് സുബി പറഞ്ഞു.

‘പുള്ളിക്കാരന് എന്നോട് വലിയ ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല ആദ്യം. 2010 ല്‍ ഒരു അമേരിക്കന്‍ ട്രിപ്പ് ഉണ്ടായിരുന്നു. സ്ഥിരമായി ചെയ്തിരുന്ന സിനിമാറ്റിക് ഡാന്‍സിനു പകരം കണ്ടപ്രറി ഡാന്‍സ് ആണ് ഞാന്‍ അവിടെ ചെയ്തത്. ആ പ്രോഗ്രാമില്‍ എനിക്ക് ആകെ എട്ട് എന്‍ട്രികള്‍ ഉണ്ടായിരുന്നു. ആ വേദിയില്‍ വെച്ചാണ് മണിച്ചേട്ടന്‍ എന്നെ മനസിലാക്കിയതെന്ന് തോന്നുന്നു.

ധര്‍മ്മജനില്‍ നിന്നും കലാഭവന്‍ ഷാജോണില്‍ നിന്നുമൊക്കെയാണ് എന്റെ ജീവിതത്തെക്കുറിച്ച് മണിച്ചേട്ടന്‍ അറിയുന്നത്. തന്നെപോലെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാള്‍ എന്നാവും അദ്ദേഹം മനസിലാക്കിയത്. നീ എന്താണ് കല്യാണം കഴിക്കാത്തതെന്ന് ഒരു ദിവസം എന്നോട് ചോദിച്ചു. അങ്ങനെ ആലോചനയൊന്നും വന്നില്ല ചേട്ടാ എന്ന് പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് സെറ്റില്‍ഡ് ആവണമെന്നും അത് അമ്മക്ക് ഒരു അത്താണി ആവുമെന്നും പറഞ്ഞു. നിന്റെ കല്യാണം നടക്കുകയാണെങ്കില്‍ പത്ത് പവന്‍ ഞാന്‍ തരുമെന്നും പറഞ്ഞു. ഞാനത് കേട്ട് അങ്ങ് വിട്ടുകളഞ്ഞു.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് നിന്റെ അമ്മയെ വിളിച്ചിട്ട് എനിക്ക് ഫോണ്‍ തരണമെന്ന് മണിചേട്ടന്‍ അന്ന് പറഞ്ഞു. അമ്മേ എത്രയും പെട്ടെന്ന് ഇവളുടെ കല്യാണം നടത്തണമെന്ന് അമ്മയോടും പറഞ്ഞു. പത്ത് പവന്റെ കാര്യവും പറഞ്ഞു. 45 ദിവസത്തിന് ശേഷം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ എന്നെ വിളിക്കാന്‍ അച്ഛനും അമ്മയും വന്നിരുന്നു. നേരത്തെ ഇവളെ എനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അഹങ്കാരിയാണെന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു. അമ്മയെ കെട്ടിപ്പിടിച്ച് പത്ത് പവന്റെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. പത്ത് പവന്റെ കാര്യമൊന്നുമല്ല, പുള്ളിക്കാരന്‍ അങ്ങ് പോയില്ലേ,’ സുബി പറഞ്ഞു.

content highlight: actress subi suresh about kalabhavan mani