ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള് കഥയും കഥാപാത്രവും മാത്രമല്ല, അതിന് പിന്നില് പ്രവര്ത്തിക്കുന്നവരെക്കൂടി നോക്കാറുണ്ടെന്ന് നടി നിഖില വിമല്. ചിത്രീകരണം പൂര്ത്തിയാകാതെ പോകുന്ന സിനിമകള്, റിലീസ് ചെയ്യാനാകാത്ത പ്രോജക്ടുകള്, വാക്കുപാലിക്കാത്ത അണിയറപ്രവര്ത്തകര് തുടങ്ങി സിനിമാ മേഖലയില് അഭിനേതാക്കള് നേരിടുന്ന വെല്ലുവിളികളും ചെറുതല്ലെന്നും താരം പറയുന്നു.
മുന്കാല അനുഭവങ്ങളില്നിന്ന് പാഠം ഉള്ക്കൊണ്ട് ഇപ്പോള് സിനിമകള് തിരഞ്ഞെടുക്കുന്നതില് കൂടുതല് ശ്രദ്ധ പുലര്ത്താറുണ്ടെന്നാണ് റെഡ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില് നിഖില പറയുന്നത്. ഒരു സിനിമയുടെ തിരക്കഥ തിരഞ്ഞെടുക്കുമ്പോള് എന്തൊക്കെയാണ് ശ്രദ്ധിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

തമിഴ് സിനിമകളില്നിന്ന് തനിക്ക് അത്ര നല്ല അനുഭവങ്ങളല്ല ലഭിച്ചതെന്നും അത്തരം അനുഭവങ്ങളാണ് സിനിമകള് തിരഞ്ഞെടുക്കുന്നതില് കൂടുതല് ജാഗ്രത പുലര്ത്താന് പഠിപ്പിച്ചതെന്നും നിഖില പറയുന്നു.
‘സിനിമ ചെയ്യണമെന്ന് ആലോചിക്കുമ്പോള് എല്ലാം ശ്രദ്ധിക്കും. ഞാന് ഇതിനുമുമ്പ് കുറേ സിനിമകള് ചെയ്തിട്ടുണ്ട്, തമിഴിലൊക്കെ. അതൊന്നും എനിക്ക് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല. സിനിമകള് റിലീസാകില്ല, പ്രോപ്പര് പ്രൊഡക്ഷന് ഹൗസ് ആയിരിക്കില്ല. ചില സ്ഥലങ്ങളില് പോയി നമ്മള് പെട്ടുപോകില്ലേ. മെച്ച്വേര്ഡ് അല്ലാത്ത ആളുകള്ക്കിടയില് പെട്ടുപോയാല് അവിടെനിന്ന് പുറത്തുവരാനും പറ്റില്ല,’ നിഖില പറഞ്ഞു.
ഒരു സിനിമയ്ക്കായി 30 ദിവസത്തെ ഡേറ്റ് നല്കിയാല് അതിനുപകരം മൂന്ന്, നാല് വര്ഷം വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. സിനിമ നടക്കുമോ ഇല്ലയോ എന്നുപോലും വ്യക്തതയില്ലാത്ത അവസ്ഥയിലേക്കും കാര്യങ്ങള് എത്താം. അതിനൊപ്പം, വലിയ പ്രതിഫലമോ മറ്റ് നേട്ടങ്ങളോ ലഭിക്കണമെന്നുമില്ല. ഇത്തരം അനുഭവങ്ങളാണ് സിനിമകള് തിരഞ്ഞെടുക്കുമ്പോള് കൂടുതല് കാര്യങ്ങള് പരിശോധിക്കാന് തന്നെ പ്രേരിപ്പിച്ചതെന്നും നിഖില വ്യക്തമാക്കി.

‘ഞാന് സിനിമകള് കൃത്യമായി കേട്ട് സെലക്ട് ചെയ്ത് തുടങ്ങിയത് മുതല് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ആ സമയങ്ങളില് എന്തൊക്കെ വീഴ്ചകള് വന്നിട്ടുണ്ടോ, അതൊക്കെ ശ്രദ്ധിക്കും. പ്രോപ്പര് പ്രൊഡക്ഷന് ഹൗസാണോ, സിനിമ റിലീസ് ചെയ്യാനുള്ള കപ്പാസിറ്റി അവര്ക്കുണ്ടോ, നല്ല ടീമാണോ, പെട്ടിയിലാകുമോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചിന്തിക്കുക,’ താരം പറഞ്ഞു.
ഒരു സിനിമയ്ക്കായി അഭിനേതാക്കളും സാങ്കേതികപ്രവര്ത്തകരും എടുക്കുന്ന അധ്വാനം ചെറുതല്ലെന്നും അത് പ്രേക്ഷകരിലേക്ക് എത്തുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും നിഖില കൂട്ടിച്ചേര്ത്തു. തങ്ങള് ചെയ്യുന്ന സിനിമകള് ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന് കഴിയുന്ന തരത്തിലുള്ള പ്രോജക്ടുകള് തിരഞ്ഞെടുക്കാനാണ് ഇപ്പോള് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.
കഥാപാത്രങ്ങള്ക്കായി സമയം ചെലവഴിക്കുകയും സിനിമയ്ക്കായി അധ്വാനിക്കുകയും ചെയ്യുന്ന അഭിനേതാക്കള്ക്ക് ആ പരിശ്രമം പ്രേക്ഷകരിലേക്ക് എത്തുമ്പോഴാണ് അര്ഥമുണ്ടാകുന്നതെന്നും താരം പറഞ്ഞു.
Didn’t have a great experience in Tamil cinema; giving 30 days of dates could leave you stuck for four years Nikhila Vimal
