ന്യൂദല്‍ഹി: ദല്‍ഹി വസന്ത് കുഞ്ചിലെ ശ്രീ. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് മേധാവിയായിരിക്കെ 17 ലധികം വനിതാ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാര്‍ത്ഥികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
സുരക്ഷയ്‌ക്കെന്ന പേരില്‍ ചൈതന്യാനന്ദ ഹോസ്റ്റലിന് ചുറ്റും സി.സി.ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ബാത്ത്‌റൂമുകളിലും മറ്റ് നിരവധി ഇടങ്ങളിലും ഒളി ക്യാമറകള്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ ചിത്രീകരിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.
ഒളിക്യാമറകള്‍ വഴി ചൈതന്യാനന്ദ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണിലൂടെ കാണുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളോട് ഇതിനെ കുറിച്ച് അശ്ലീലമായ പല ചോദ്യങ്ങളും ഇയാള്‍ ചോദിച്ചിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കുളിക്കാന്‍ പോകുന്ന സമയം എപ്പോഴാണ്, കാമുകന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കോണ്ടം ഉപയോഗിച്ചിരുന്നോ തുടങ്ങി പല ചോദ്യങ്ങളും തങ്ങള്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
‘സ്വാമി പെണ്‍കുട്ടികളോട് അവരുടെ ദിനചര്യയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ മുറികള്‍ക്കും കുളിമുറികള്‍ക്കും സമീപം സി.സി.ടി.വികള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് ഞാന്‍ എന്റെ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും കോണ്ടം ഉപയോഗിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍ ബിരുദം നല്‍കില്ലെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 15000 രൂപ നല്‍കാനും ആവശ്യപ്പെട്ടു,’ പെണ്‍കുട്ടി പറയുന്നു.
ബേബി, ഐ ലവ് യു, ഞാന്‍ നിങ്ങളെ ആരാധിക്കുന്നു തുടങ്ങി പല മെസ്സേജുകളും രാത്രി സമയങ്ങളില്‍ ചൈതന്യാനന്ദ അയയ്ക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പുരുഷ സുഹൃത്ത് ഉണ്ടെന്ന പേരില്‍ ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയെ പരസ്യമായി ഇയാള്‍ അപമാനിച്ചെന്നും മോശം സ്വഭാവക്കാരിയാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഒരു ദിവസം ഇയാളുടെ ഓഫീസില്‍ നിന്നും കീറിയ വസ്ത്രത്തോടെ ഒരു പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നത് കണ്ടിരുന്നെന്നും മറ്റൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഹോളി ദിനത്തില്‍, സ്ത്രീകളെ നിര്‍ബന്ധിച്ച് വരിയില്‍ നിര്‍ത്തിക്കുകയും ചൈതന്യാനന്ദയെ വണങ്ങാന്‍ പറയുകയും ചെയ്യുമായിരുന്നു. മുടിയിലും കവിളിലും ചായം പുരട്ടാന്‍ അയാളെ അനുവദിക്കാനും തങ്ങളെ നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടികള്‍ പറയുന്നു.
രാത്രിയില്‍ ചൈതന്യാനന്ദ തങ്ങളെ തന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി വിദേശ, ആഭ്യന്തര യാത്രകള്‍ക്ക് നിര്‍ബന്ധിച്ചുവെന്നും നിരവധി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ മഥുരയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതില്‍ നിന്ന് താന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതായിട്ടാണ് ഒരു പെണ്‍കുട്ടിയുടെ മൊഴി.
പീഡനം ഭയന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചിട്ടുമുണ്ട്. ചൈതന്യാനന്ദയുടെ ആവശ്യങ്ങള്‍ അനുസരിക്കാന്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുകയും, തെളിവുകള്‍ ഇല്ലാതാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അസോസിയേറ്റ് ഡീന്‍ ഉള്‍പ്പെടെ മൂന്ന് വനിതാ ജീവനക്കാരുടെ പേരും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
Content Highlight: ‘Did you use condoms?’: details from Chaitanyananda harassment case