പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും മോദിയും തമ്മില്‍ ചില രഹസ്യധാരണകളുണ്ട്; ആരോപണവുമായി കെജരിവാള്‍
D' Election 2019
പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും മോദിയും തമ്മില്‍ ചില രഹസ്യധാരണകളുണ്ട്; ആരോപണവുമായി കെജരിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 1:53 pm
പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി രാഷ്ട്രീയ ആയുധമായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് പിന്നാലെയാണ് കെജരിവാളും രംഗത്തെത്തിയത്.

ന്യൂദല്‍ഹി: പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ചില രഹസ്യ ധാരണകളുണ്ടെന്ന ആരോപണവുമായി ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍.

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി രാഷ്ട്രീയ ആയുധമായി ബി.ജെ.പി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് പിന്നാലെയാണ് കെജരിവാളും രംഗത്തെത്തിയത്.

‘പാക്കിസ്താനും ഇമ്രാന്‍ ഖാനും മോദിയെ പരസ്യമായി പിന്തുണയ്ക്കുകയാണ്. മോദിക്ക് അവരുമായി രഹസ്യധാരണയുണ്ടെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. എല്ലാവരും ചോദിക്കുകയാണ് പുല്‍വാമയില്‍ ഫെബ്രുവരി 14ന് നമ്മുടെ സൈനികരെ പാക്കിസ്താന്‍ കൊന്നത് മോദിയെ സഹായിക്കാനാണോ’ കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.

‘കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ വലതുപക്ഷത്തു നിന്നുള്ള തിരിച്ചടി ഭയന്ന് കശ്മീര്‍ വിഷയത്തില്‍ പാക്കിസ്താനുമായി ധാരണ തേടാന്‍ സാധ്യതയില്ല. എന്നാല്‍ ബി.ജെ.പിയാണ് ജയിക്കുന്നതെങ്കില്‍ ചില ധാരണകളിലെത്താന്‍ സാധിക്കുമെന്നായിരുന്നു’ പ്രസ്താവന. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇംറാന്‍ ഖാന്‍.

എന്നാല്‍ പാക്കിസ്ഥാനും അവരുടെ വക്താക്കള്‍ക്കുമാണ് ബി.ജെ.പിയെ തോല്‍പ്പിക്കേണ്ടത് എന്നായിരുന്നു മോദി ഇതുവരെ പറഞ്ഞു നടന്നതെന്നും പിന്നീട് ഇംറാന്‍ ഖാന്‍ മോദിക്ക് രണ്ടാമതൊരു അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നുവെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞിരുന്നു.