ന്യൂദൽഹി: 1967ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന പത്രവാർത്ത വ്യാജം. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഹിന്ദു’വിന്റെ പേരിൽ പ്രചരിക്കുന്ന പത്രവാർത്തയുടെ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്തതാണെന്ന് പത്രം തന്നെ വ്യക്തമാക്കി.
നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും എണ്ണ വില വർധനവും കണക്കിലെടുത്ത് സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർത്ഥനയ്ക്ക് പിന്നാലെയാണ് ഈ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
മോദിയുടെ വാക്കുകൾക്ക് സമാനമായ നടപടി ഇന്ദിരാഗാന്ധിയുടെ കാലത്തും ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ബി.ജെ.പി ഐ.ടി സെല്ലിന്റെ തന്ത്രമായിരുന്നു ഈ എഡിറ്റ് ചെയ്ത പത്രവാർത്ത. ബി.ജെ.പി നേതാക്കൾ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തിരുന്നു.
എന്നാൽ 1967 ജൂൺ ആറിലെ ‘ദി ഹിന്ദു’ പത്രത്തിന്റെ ഒന്നാം പേജ് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തങ്ങളുടെ ആർക്കൈവ്‌സിൽ നിന്നുള്ളതല്ലെന്നും അത് വ്യാജമായി നിർമിച്ചതാണെന്നും പത്രം ഔദ്യോഗികമായി അറിയിച്ചു.
📢 A digitally altered image purporting to be a front page of The Hindu from June 6, 1967, is currently circulating on social media. We wish to clarify that this is not an authentic page from our archives. The Hindu urges readers to exercise caution and verify before sharing.
‘ആദ്യത്തേത് 1967 ജൂൺ ആറിലെ ‘ദി ഹിന്ദു’ പത്രത്തിൻ്റെ മുൻപേജ് എന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കപ്പെടുന്ന, എഡിറ്റ് ചെയ്ത ചിത്രമാണ്. രണ്ടാമത്തേത് അന്ന് യഥാർത്ഥത്തിൽ പുറത്തിറങ്ങിയ പേജാണ്. സോഷ്യൽ മീഡിയയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്നതിൻ്റെ ഉദാഹരണമാണിത്; ഇന്ത്യയുടെ ഒരു ദേശീയ ഇംഗ്ലീഷ് ദിനപത്രത്തിൻ്റെ ഒന്നാം പേജിൽ പോലും മാറ്റം വരുത്താൻ അതിന് സാധിക്കും,’ കൊളപ്പൻ എക്സിലെഴുതിയ പോസ്റ്റിൽ വ്യക്തമാക്കി.
The first one is a digitally altered page being wrongly presented as the front page of The Hindu on June 6, 1967. The second is the actual page released that day. This is what social media is capable of; it can even alter the front page of India’s national English daily. pic.twitter.com/GZ4CHtu90s
1967 ജൂൺ ആറിലെ പത്രത്തിന്റെ യഥാർത്ഥ തലക്കെട്ട് ‘ഇസ്രഈലും അറബ് രാജ്യങ്ങളും തമ്മിൽ കടുത്ത പോരാട്ടം’ (Bitter Fighting Between Israel and Arab States in Air and on Land) എന്നായിരുന്നു
സ്വർണം വാങ്ങരുതെന്ന് ഇന്ദിരാഗാന്ധി പത്രത്തിലൂടെ അഭ്യർത്ഥിച്ചു എന്നത് വ്യാജമാണെങ്കിലും, അക്കാലത്ത് സ്വർണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങൾ നിലവിലുണ്ടായിരുന്നു.
സ്വർണക്കടത്ത് തടയുന്നതിനും ഇന്ത്യൻ രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനുമായി അന്നത്തെ ധനമന്ത്രി മൊറാർജി ദേശായി കൊണ്ടുവന്ന സ്വർണ നിയന്ത്രണ നിയമങ്ങൾ (Gold Control measures) ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കർശനമാക്കിയിരുന്നു.
1968ലെ ഗോൾഡ് കൺട്രോൾ ആക്റ്റ് പ്രകാരം പൗരന്മാർ സ്വർണ്ണക്കട്ടികളും നാണയങ്ങളും കൈവശം വെക്കുന്നത് നിരോധിച്ചിരുന്നു. 1990ലാണ് ഈ നിയമം റദ്ദാക്കിയത്.
Content Highlight: Did Indira Gandhi request people not to buy gold? Newspaper confirms that news circulating in the name of The Hindu is fake