ഇന്ത്യന്‍ സീരീസ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഒന്നാണ് ഫാമിലി മാന്‍. ഒരേ സമയം ഇന്ത്യയുടെ ഇന്റലിജന്‍സ് ഓഫീസറായും സ്‌നേഹനിധിയായ കുടുംബ നാഥനായും ജീവിക്കേണ്ടി വരുന്ന ശ്രീകാന്ത് തിവാരിയുടെ ജീവിതമാണ് സീരീസിന്റെ പ്രമേയം. സീരീസിന്റെ മൂന്നാം സീസണിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ശ്രീകാന്ത് തിവാരിയുടെ പുതിയ മിഷനിടയില്‍ അയാളുടെ കുടുംബം ഉള്‍പ്പെടുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നതാണ് മൂന്നാം സീസണിന്റെ ഹൈലൈറ്റ്. എന്നാല്‍ ട്രെയ്‌ലറില്‍ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് ശ്രീകാന്ത് തിവാരിയുടെ ഡയലോഗാണ്. താന്‍ ഏജന്റാണെന്ന് കുടുംബത്തോട് ഈ സീസണില്‍ ശ്രീകാന്ത് വെളിപ്പെടുത്തുന്നുണ്ട്.
‘ട്രാവല്‍ ഏജന്റാണോ’ എന്ന് മകന്‍ അഥര്‍വ് ചോദിക്കുമ്പോള്‍ ‘ഇന്റലിജന്‍സ് ഏജന്റാണ്, സീക്രട്ട് സര്‍വീസാണ്’ എന്നാണ് ശ്രീകാന്ത് മറുപടി നല്കുന്നത്. ‘ഏജന്റായതുകൊണ്ട് കോഡ് നെയിം ഉണ്ടാകുമല്ലോ, ടൈഗര്‍, പത്താന്‍, ലയണ്‍ അങ്ങനെ എന്തെങ്കിലുമാണോ’ എന്ന മകന്റെ ചോദ്യത്തിന് ‘ഇത് ഇന്റലിജന്‍സ് ഏജന്‍സിയാണ്, സര്‍ക്കസല്ല’ എന്നാണ് തിവാരിയുടെ മറുപടി.
ഈ ഡയലോഗ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ സിനിമകള്‍ക്കെല്ലാം ഫാമിലി മാന്റെ അണിയറപ്രവര്‍ത്തകര്‍ നല്കിയ ട്രോളാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. യഷ് രാജിന്റെ സ്‌പൈ സിനിമകളില്‍ നായക കഥാപാത്രത്തിന്റെ കോഡ് നെയിമുകളെയാണ് ഈ ഡയലോഗ് കൊണ്ട് കളിയാക്കിയത്.
സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ഫാമിലി മാന്റെ ഏറ്റവും പുതിയ സീസണ്‍ ഇത്തവണയും ഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആദ്യം കശ്മീരിലും പിന്നീട് ശ്രീലങ്കയിലും വന്ന വെല്ലുവിളി ഇല്ലാതാക്കിയ ശ്രീകാന്തിന് ഇത്തവണ നോര്‍ത്ത് ഈസ്റ്റില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് നേരിടുന്നത്. കോമഡിക്കൊപ്പം ആക്ഷനും ഇമോഷനും ഈ സീസണിലുമുണ്ട്.
പാതാള്‍ ലോക് എന്ന ഒരൊറ്റ സീരീസിലൂടെ ശ്രദ്ധേയനായ ജയ്ദീപ് അഹ്‌ലാവത്താണ് മൂന്നാം സീസണിലെ വില്ലന്‍. നായകനും ടീമിനും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഈ വില്ലന് സാധിക്കുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 21നാണ് മൂന്നാം സീസണ്‍ റിലീസ് ചെയ്യുക. രാജ്, ഡി.കെ ടീമിന്റെ ഫര്‍സി സീരീസിലെ വിജയ് സേതുപതിയും മൂന്നാം സീസണില്‍ അതിഥിവേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Dialogue from Family Man Season 3 trailer viral in social media