ഇന്റര്‍വ്യൂ കാണുന്നത് ഒരുമിച്ച്, പുള്ളി ഭയങ്കര ജെനുവിനാണ്: ധ്യാനിനെ പറ്റി ഭാര്യ അര്‍പ്പിത
Entertainment news
ഇന്റര്‍വ്യൂ കാണുന്നത് ഒരുമിച്ച്, പുള്ളി ഭയങ്കര ജെനുവിനാണ്: ധ്യാനിനെ പറ്റി ഭാര്യ അര്‍പ്പിത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 8:35 am

അഭിനയിച്ച സിനിമകളെക്കാളുപരി അഭിമുഖങ്ങളിലൂടെ നിരന്തരം വിവാദങ്ങളില്‍ അകപ്പെടുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ നിരവധി അഭിമുഖങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്. ധ്യാന്‍ തിരക്കഥയെഴുതിയ ‘പ്രകാശന്‍ പറക്കട്ടെ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.

ചിത്രം കാണാനായി ഭാര്യക്കും മകള്‍ക്കുമൊപ്പം ധ്യാന്‍ എത്തിയത്. മൂവിമാന്‍ ബ്രോഡ്ക്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി ധ്യാനിന്റെ ഭാര്യ അര്‍പ്പിത സെബാസ്റ്റ്യന്‍ ധ്യാനിനെ പറ്റി പറഞ്ഞത്. ധ്യാന്‍ ജനുവിനാണെന്നും, അഭിമുഖങ്ങള്‍ എല്ലാം തന്നെ ഒരുമിച്ച് ഇരുന്ന് കാണാറുണ്ടെന്നും ആര്‍പ്പിത പറയുന്നു. ഏതാണ് ധ്യാനിന്റെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രമെന്ന അവതാരകന്റെ ചോദ്യത്തിന് ധ്യാനിന്റെ ആദ്യ ചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നും ആര്‍പിത കൂട്ടിച്ചേര്‍ക്കുന്നു.

ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാന്‍ എന്നുമാണ് അര്‍പ്പിത പറയുന്നത്.

2017ലായിരുന്നു ഇരുവരുടെയും വിവാഹം.

അതേസമയം താനിനി കുറച്ച് നാളത്തേക്ക് അഭിമുഖങ്ങള്‍ നല്‍കുന്നില്ല എന്ന് ധ്യാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഇന്റര്‍വ്യൂ ഒക്കെ മടുത്തു. നിര്‍ത്താന്‍ പോവാ. സിനിമ പ്രമോട്ട് ചെയ്യാന്‍ വരുമ്പോള്‍ ഓരോ പഴയ കഥകളൊക്കെ പറയുന്നതാ. അപ്പോള്‍ കുറച്ച് പേര്‍ക്ക് ഇന്റര്‍വ്യൂ ഇഷ്ടപ്പെട്ടു എന്ന് പറയും.

ഇനി സോളോ ഇന്റര്‍വ്യൂകള്‍ കൊടുക്കുന്നത് നിര്‍ത്തണമെന്നാണ് ഫാമിലി ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്നു വരുന്ന അഭിപ്രായം. ഇങ്ങനെ പോയാല്‍ ഞാന്‍ കുടുംബക്കാരെ മൊത്തം നാറ്റിക്കും എന്നൊരു പേടി അവര്‍ക്കെല്ലാവര്‍ക്കും ഉണ്ട്.

അച്ഛന്റേം എന്റേം ഏട്ടന്റേം കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ബാക്കി മാമന്‍, മാമി, അവരുടെ മക്കള്‍, മരുമക്കള്‍ ഇവരൊക്കെയുണ്ട്. ഇവര്‍ക്കൊക്കെ ഒരുപേടി, ഇനി ഇവരെയൊക്കെ ഞാന്‍ നാറ്റിക്കുമോയെന്ന്. ഓള്‍റെഡി ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഞാന്‍ പുറത്താണ്. ഇനി കുറച്ച് ദിവസം കഴിയുമ്പോള്‍ ആഡ് ചെയ്യും. ഇനി മുതല്‍ നല്ല കുട്ടിയായിരിക്കാമെന്ന് വിചാരിച്ചു,’ ധ്യാന്‍ പറഞ്ഞിരുന്നു.

പുതിയ ചിത്രത്തിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങളില്‍ പ്രേക്ഷകരോട് നന്ദി അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു ധ്യാനിന്റെ ഇക്കാര്യം പറഞ്ഞത്. നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, നിഷ സാരംഗ്, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. കോമഡി ഫാമിലി മൂവിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlight : Dhyan Sreenivasan wife Arpitha Sebastin open up about him