ലാലേട്ടന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ്, മമ്മൂക്കയ്ക്ക് ബെസ്റ്റ് ആക്ടര്‍; കളിയാക്കാനും ലാലേട്ടന്‍ സ്വാതന്ത്ര്യം തരും: ധ്യാന്‍ ശ്രീനിവാസന്‍
Malayalam Cinema
ലാലേട്ടന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ്, മമ്മൂക്കയ്ക്ക് ബെസ്റ്റ് ആക്ടര്‍; കളിയാക്കാനും ലാലേട്ടന്‍ സ്വാതന്ത്ര്യം തരും: ധ്യാന്‍ ശ്രീനിവാസന്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 30th August 2026, 8:06 am

യുവനടന്മാരില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. അതുല്യ കലാകാരന്‍ ശ്രനീവാസന്റെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ധ്യാന്‍ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019ല്‍ ലൗ ആക്ഷന്‍ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ധ്യാന്‍ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും പരാജയമാണെങ്കിലും ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാന്‍ നല്‍കിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് താരം നല്‍കുന്ന അഭിമുഖങ്ങളിലൂടെ ഇന്റര്‍വ്യൂ സ്റ്റാര്‍ എന്ന വിളിപ്പേരും ധ്യാന്‍ സ്വന്തമാക്കിയിരുന്നു. ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് താരത്തിന്റെ അഭിമുഖങ്ങള്‍ക്ക് യൂട്യൂബില്‍ കാഴ്ചക്കാരായി ലഭിക്കാറുള്ളത്. ഇത്തരത്തില്‍ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

വണ്‍ ടു ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവേ വിദേശരാജ്യത്ത് മോഹന്‍ലാലുമൊത്ത് ഷോ ചെയ്യാനായി പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് ധ്യാന്‍ സംസാരിച്ചത്. വേദിയില്‍ അവതരിപ്പിക്കാനുള്ള സ്‌കിറ്റ് തയ്യാറാക്കുമ്പോള്‍ തന്നെ പരിഹസിക്കുന്ന തരത്തില്‍ എഴുതാനുള്ള പൂര്‍ണ സ്വാതന്ത്രം മോഹന്‍ലാല്‍ നല്‍കിയതിനെ കുറിച്ചാണ് ധ്യാന്‍ സംസാരിച്ചത്.

‘സോമന്‍ലാല്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്ന പേരില്‍ ഒരു അവാര്‍ഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട സ്‌കിറ്റായിരുന്നു ഞാന്‍ അന്ന് എഴുതിയത്. അജുവാണ് മെയിന്‍ ക്യാരക്ടര്‍. അങ്ങനെ അവാര്‍ഡ് ഫങ്ഷന്‍ നടക്കുമ്പോള്‍ ചിത്ര ചേച്ചിയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നല്‍കുന്നു. മനോജേട്ടനാണ് (മനോജ് കെ.ജയന്‍) യൂത്ത് ഐക്കണ്‍. ലാലേട്ടനും അവാര്‍ഡുണ്ട് ഏതാണെന്ന് അജുവിനോട് ചോദിക്കുമ്പോള്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് ആണെന്ന് പറയും. ആ അവാര്‍ഡ് എനിക്ക് വേണ്ട മോനെ, അത് വീട്ടിലിരുത്താനുള്ള അവാര്‍ഡല്ലേ എന്നാണ് ലാലേട്ടന്‍ സ്‌കിറ്റില്‍ പറയുക.

അങ്ങനെയാണെങ്കില്‍ വേറെ ഒരു സാധനം തരാം എന്ന് പറഞ്ഞ് എല്‍.ഇ.ഡി വാളിലേക്ക് ചൂണ്ടിക്കാണിക്കും. അപ്പോഴാണ് സ്വന്തം കൂട്ടുകാരന് വേണ്ടി ജീവന്‍ വരെ പണയം വെച്ച്, ഏതോ അലവലാതിയുടെ കുത്തും കൊണ്ട് ചത്തുവീണ ലാല്‍ സാറിന് മികച്ച സപ്പോര്‍ട്ടിങ് ആര്‍ടിസ്റ്റിനുള്ള അവാര്‍ഡെന്ന് പറയുന്ന വോയിസ് ഓവറോടെ ഞാന്‍ അദ്ദേഹത്തെ കളിയാക്കുന്ന തരത്തില്‍ എഴുതുന്നത്. പേട്രിയറ്റിനാണ് മികച്ച സപ്പോട്ടിങ് നടനുള്ള അവാര്‍ഡ്, അപ്പോള്‍ ആരാണ് മികച്ച നടനെന്ന് ചോദിക്കുമ്പോള്‍ അതിനെന്താ സംശയം, ഭ്രമയുഗം ഇച്ചാക്ക എന്ന് അജു മറുപടി പറയും.

Photo: X.com

ഇതെല്ലാം ഞാന്‍ എഴുതിയിട്ട് ലാല്‍ സാര്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് വായിക്കുകയാണ്. ലാല്‍ സാറിനോട് ഇത് മാറ്റണോ എന്ന് ഞാന്‍ ചോദിച്ചു. കാരണം സൂപ്പര്‍സ്റ്റാറിനെ നമ്മള്‍ കളിയാക്കുകയാണ്. അച്ഛന്‍ ചെയ്തിരുന്ന പരിപാടിയാണ്. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തെ നമ്മള്‍ ഇരുത്തിക്കൊണ്ട് ചെയ്യുകയാണ്,’ ധ്യാന്‍ പറയുന്നു.

എഴുതിയത് മാറ്റണോ എന്ന ചോദ്യത്തിന് വേണ്ടെന്നും ഇതെല്ലാം രസമല്ലേ എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും അത് അദ്ദേഹം നമുക്ക് തരുന്ന സ്വാതന്ത്ര്യമാണെന്നും ധ്യാന്‍ പറഞ്ഞു. ഇന്നത്തെ കാലത്ത് അത്തരം സെല്‍ഫ് ട്രോളുകളെ അദ്ദേഹം ആസ്വദിക്കുന്നുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dhyan Sreenivasan talks about his experience with Mohanlal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.