അഭിനേതാവും തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനുമാണ് അനൂപ് മേനോന്‍. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകമായിരുന്നു അനൂപിന്റെ ആദ്യ ചിത്രം. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ നേടി.
ഇപ്പോള്‍ അനൂപ് മേനോനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഇരുവരുമൊന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രവീന്ദ്രാ നീ എവിടെ? താന്‍ കണ്ട ആദ്യത്തെ സൂപ്പര്‍സ്റ്റാറാണ് അനൂപ് മേനോന്‍ എന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു. താന്‍ ആകെ ഒരു സിനിമയിലേ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ളെന്നും അത് തന്റെ മാമന്‍ സംവിധാനം ചെയ്ത 916 എന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
ആ സിനിമയുടെ സെറ്റില്‍ വെച്ച് അനൂപ് മേനോനെ കാണുമ്പോള്‍ അദ്ദേഹം മലയാള സിനിമയിലെ അന്നത്തെ കിങ്‌മേക്കര്‍ ആണെന്നും ധ്യാന്‍ പറഞ്ഞു. രവീന്ദ്രാ നീ എവിടെ? എന്ന സിനിമയുടെ പ്രസ് മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍.
‘ഞാന്‍ ഒരൊറ്റ സിനിമയെ അസിസ്റ്റ് ചെയ്തിട്ടുള്ളു. അത് എന്റെ മാമന്റെ കൂടെ 916 എന്ന സിനിമയാണ്. ഞാന്‍ ആദ്യമായിട്ട് കാണുന്ന സ്റ്റാര്‍ അനൂപേട്ടനാണ്. അന്ന് അനൂപേട്ടന് ഏറ്റവും തിരക്കുള്ള സമയമായിരുന്നു. അദ്ദേഹം അഭിനയിക്കുന്നുണ്ട്. സിനിമക്ക് വേണ്ടി തിരക്കഥ എഴുതുന്നുണ്ട്. കൂടാതെ സാറ്റ്ലൈറ്റ് ബിസിനസും ചെയ്യുന്നുണ്ട്.
അനൂപേട്ടനാണ് അന്നത്തെ കിങ്മേക്കര്‍. ആ സിനിമയുടെ സെറ്റില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ അനൂപേട്ടന്‍ എന്റെ അടുത്ത് ചെരിഞ്ഞ് നില്‍ക്കടാ…കുനിഞ്ഞു നില്‍ക്കടാ എന്നൊക്കെ പറയും. എന്നിട്ട് എന്റെ തോളത്തും പുറത്തുമെല്ലാം വെച്ച് സ്‌ക്രിപ്റ്റ് എഴുതും. അങ്ങനെ അദ്ദേഹം 916 സിനിമയുടെ സെറ്റില്‍ വെച്ച് മറ്റൊരു സിനിമക്കുള്ള തിരക്കഥ പൂര്‍ത്തിയാക്കിയിട്ടുണ്ട്,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.