പ്രണവിനെ നായകനാക്കിയുള്ള സിനിമ രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാം, ദുല്‍ഖറുമായും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
Film News
പ്രണവിനെ നായകനാക്കിയുള്ള സിനിമ രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചേക്കാം, ദുല്‍ഖറുമായും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th May 2022, 11:08 am

അഭിനയം, തിരക്കഥ, സംവിധാനം എന്നീ മേഖലകളിലെല്ലാം കൈവെച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ തിരയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ധ്യാന്‍ പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ തിരക്കഥയിലേക്കും സംവിധാനത്തിലേക്കും കടന്നു.

ഈ വര്‍ഷം ആദ്യം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം വന്‍വിജയമായിരുന്നു. പ്രണവിനെ നായകനാക്കി താനും സിനിമ ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ധ്യാന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രണവിനെ നായകനാക്കി എപ്പോഴെങ്കിലും ഒരു സിനിമ നടക്കുവായിരിക്കും. പ്രൊഡക്ഷന്‍ ടീം പ്രണവിനെ വെച്ച് ഒരു സിനിമയെ പറ്റി സംസാരിക്കുന്നുണ്ട്. പക്ഷേ അതിപ്പോഴല്ല, രണ്ട് വര്‍ഷത്തിനകം എപ്പോഴെങ്കിലും നടക്കാം. ദുല്‍ഖറുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമൊക്കെയുണ്ട്. കുറച്ച് സിനിമയില്‍ അഭിനയിച്ചിട്ട് അവരുമായി കണ്ട് സംസാരിച്ച് കഥകള്‍ പറയണം,’ ധ്യാന്‍ പറഞ്ഞു.

‘തിരക്കഥ, സംവിധാനം, അഭിനയം ഇതൊക്കെ നോക്കിയാല്‍ ഏറ്റവും എളുപ്പം അഭിനയിക്കുന്നതാണ്. കാശ് കിട്ടുന്നതുകൊണ്ട് പ്രൊഡക്ഷനും സുഖമുള്ള പരിപാടിയാണ്. സംവിധാനമാണെങ്കില്‍ രാവിലെ മുതല്‍ രാത്രി വരെ പണ്ടാരമടങ്ങി അവിടെ ഇരിക്കണം. ആളുകളുമായി കഥയെ പറ്റി സംസാരിക്കുക, ബ്രെയ്ന്‍ സ്റ്റോമിംഗ് അതൊക്കെ എനിക്ക് ഇഷ്ടമാണ്. എഴുത്തിലേക്ക് കടക്കുകയാണെങ്കില്‍ ബേസിക്കലി ഞാന്‍ മടിയനാണ്, എന്റെ കൂടെയുള്ളവന്മാരാണെങ്കില്‍ അതിലും മടിയന്മാരാണ്.

ഫസ്റ്റ് ലൈന്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എഴുതാതെ ലാസ്റ്റ് മിനിട്ട് എഴുതി തീര്‍ക്കുന്ന സ്വഭാവമുണ്ട്. അതൊന്ന് മാറ്റിയാല്‍ കൊള്ളാമെന്നുണ്ട്,’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഉടലാണ് ധ്യാനിന്റെ പുതിയ ചിത്രം. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മേയ് 20നാണ് ഈ ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

Content Highlight: Dhyan sreenivasan says that he is also planning a movie with Pranav mohanlal in the lead