വെക്കെടാ ഇതിന് മേലെ ഒന്ന്, ബുക്ക്‌മൈഷോയില്‍ ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് ധുരന്ധര്‍
Indian Cinema
വെക്കെടാ ഇതിന് മേലെ ഒന്ന്, ബുക്ക്‌മൈഷോയില്‍ ഒറ്റദിവസം കൊണ്ട് പത്ത് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് ധുരന്ധര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th December 2025, 4:11 pm

ഈ വര്‍ഷത്തെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് ഇയര്‍ ടോപ്പറാകാനാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം 500 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം പല റെക്കോഡുകളും സൃഷ്ടിച്ചിരിക്കുകയാണ്.

റിലീസ് ചെയ്ത് രണ്ടാം ശനിയാഴ്ച ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയില്‍ ഒരു മില്യണിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ സിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന ടിക്കറ്റ് വില്പനയാണിതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റ ധുരന്ധര്‍ കളക്ഷനിലും പല റെക്കോഡുകളും മറികടന്നു.

ധുരന്ധര്‍ ബുക്ക്‌മൈഷോ Photo: Screen grab/ Bookmyshow

ഇന്നലെ മാത്രം ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 58.3 കോടിയാണ് ധുരന്ധര്‍ നേടിയത്. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ പുഷ്പ 2വിന്റെ 54 കോടി എന്ന റെക്കോഡാണ് ധുരന്ധര്‍ മറികടന്നത്. ഒറ്റദിവസം കൊണ്ട് ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡ് ധുരന്ധറിന്റെ പേരിലാണ്. ഇതിന് പുറത്തെ സെക്കന്‍ഡ് വീക്കെന്‍ഡ് കളക്ഷന്റെ ലിസ്റ്റിലും ധുരന്ധര്‍ തന്നെയാണ് ഒന്നാമത്.

ഈ വര്‍ഷം ബോക്‌സ് ഓഫീസിനെ ഞെട്ടിച്ച ഛാവായുടെ 140 കോടിയെന്ന റെക്കോഡാണ് ധുരന്ധര്‍ മറികടന്നത്. 146 കോടിയാണ് രണ്ടാമത്തെ വീക്കെന്‍ഡില്‍ ചിത്രം നേടിയത്. ഇതിന് പുറമെ ‘A’സര്‍ട്ടിഫിക്കറ്റ് നേടിയ സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാം സ്ഥാനവും ചിത്രം സ്വന്തമാക്കി. ഷാഹിദ് കപൂറിന്റെ കബീര്‍ സിങ്ങിനെയാണ് ധുരന്ധര്‍ മറികടന്നത്.

ജി.സി.സി റിലീസ് ഇല്ലാതെയാണ് ധുരന്ധര്‍ ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കുന്നത്. ഒരുപക്ഷേ, ജി.സി.സി റിലീസ് കൂടിയുണ്ടായിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടി നേടിയേനെയെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ വിലയിരുത്തല്‍. പാകിസ്ഥാനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ ഉള്ളതിനാലാണ് ചിത്രത്തെ ജി.സി.സി രാജ്യങ്ങള്‍ വിലക്കിയത്.

ആദ്യദിനം പലയിടത്തും ഷോ ക്യാന്‍സലായ ധുരന്ധറിന് തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ നിര്‍മാതാക്കള്‍ അതിവിദഗ്ധമായി കോര്‍പ്പറേറ്റ് ബുക്കിങ്ങിലൂടെ ചിത്രത്തെ ലൈവാക്കി നിലനിര്‍ത്തിയതിന് പിന്നാലെ ബോക്‌സ് ഓഫീസില്‍ ധുരന്ധര്‍ ട്രാക്കില്‍ കയറുകയായിരുന്നു. ബോളിവുഡില്‍ അടുത്തൊന്നും വമ്പന്‍ റിലീസുകളില്ലാത്തത് ധുരന്ധറിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. ഇയര്‍ ടോപ്പറെന്ന റെക്കോഡ് ധുരന്ധര്‍ സ്വന്തമാക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Dhurandhar sold one million tickets on Bookmyshow in a single day