ബോക്‌സ് ഓഫീസില്‍ കുതിപ്പ് കൈവിടാതെ ബോളിവുഡ് ചിത്രം ധുരന്ധര്‍. റിലീസ് ചെയ്ത് ആദ്യ വാരം 300 കോടിയിലേറെ സ്വന്തമാക്കിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവുംവലിയ വിജയമായി മാറുമെന്നാണ് കണക്കുകൂട്ടല്‍. രണ്ടാം വെള്ളിയാഴ്ചയില്‍ റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.
35 കോടിയാണ് രണ്ടാമത്തെ വെള്ളിയാഴ്ച ധുരന്ധര്‍ ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം രണ്ടാമത്തെ വെള്ളിയാഴ്ചയില്‍ ഇത്രയും ഉയര്‍ന്ന കളക്ഷന്‍ നേടുന്നത്. ധുരന്ധറിന്റെ അടിയില്‍ തകര്‍ന്നത് അനിമലടക്കമുള്ള വമ്പന്മാരാണ്.
അല്ലു അര്‍ജുന്റെ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2വാണ് ഈ ലിസ്റ്റില്‍ ഒന്നാമതുണ്ടായിരുന്നത്. 27.5 കോടിയാണ് പുഷ്പ 2 നേടിയത്. 24.3 കോടിയുമായി ഛാവായും 23.5 കോടിയുമായി അനിമലും ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കിടുന്നുണ്ട്. വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ധുരന്ധര്‍ ബോക്‌സ് ഓഫീസില്‍ കത്തിക്കയറിയത്.
കണ്ടന്റുകള്‍ ഡെലിവറി ചെയ്യാനാകാത്തതുകൊണ്ട് ആദ്യദിനം പലയിടത്തും ധുരന്ധറിന്റെ ഷോ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിരുന്നു. അധികം ആളനക്കമില്ലാത്ത പ്രീ സെയിലും ഷോ ക്യാന്‍സലിങ്ങും ആദ്യദിനം ചിത്രത്തെ പിന്നോട്ടുവലിച്ചു. എന്നാല്‍ നിര്‍മാതാക്കളുടെ തന്ത്രപരമായ മാര്‍ക്കറ്റിങ്ങിലൂടെ ചിത്രം തിരികെ ട്രാക്കില്‍ കയറുകയായിരുന്നു.
രണ്ടാം ദിനം പലയിടത്തും നടന്ന കോര്‍പ്പറേറ്റ് ബുക്കിങ് സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി.ഇത് ചിത്രത്തിന് കൂടുതല്‍ റീച്ച് നല്‍കി. പിന്നീട് തിയേറ്ററുകളെല്ലാം നിറയുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അടുത്തെങ്ങും വലിയ റിലീസുകളില്ലാത്തതിനാല്‍ ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ക്കാനാണ് ധുരന്ധര്‍ ശ്രമിക്കുന്നത്.
‘എ’ റേറ്റഡ് സിനിമകളില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ എന്ന റെക്കോഡ് അനിമലില്‍ നിന്ന് ധുരന്ധര്‍ സ്വന്തമാക്കുമോ എന്നതാണ് പ്രധാന ചോദ്യം. 932 കോടി നേടിയ അനിമലിനെ ധുരന്ധര്‍ മറികടന്നാല്‍ ചരിത്ര വിജയമായിരിക്കുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഈ വീക്കെന്‍ഡോടെ ധുരന്ധര്‍ 500 കോടി ക്ലബ്ബില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടല്‍.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ആദിത്യ ധര്‍ ഈ ചിത്രമൊരുക്കിയത്. രണ്‍വീര്‍ സിങ്ങിന് പുറമെ മാധവന്‍, അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറാ അര്‍ജുന്‍ തുടങ്ങി വന്‍ താരനിര ധുരന്ധറില്‍ അണിനിരക്കുന്നുണ്ട്. 2026 മാര്‍ച്ചില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങും.
Content Highlight: Dhurandhar collected 35 crores in second Friday