ലോക്കല്‍ ഗ്യാങ്‌സ്റ്ററല്ല, ഇനി ഇന്റര്‍നാഷണല്‍ ഡോണായി വിനായകന്‍; ധ്രുവ നച്ചത്തിരം ട്രെയ്‌ലര്‍
Film News
ലോക്കല്‍ ഗ്യാങ്‌സ്റ്ററല്ല, ഇനി ഇന്റര്‍നാഷണല്‍ ഡോണായി വിനായകന്‍; ധ്രുവ നച്ചത്തിരം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th October 2023, 5:47 pm

വിക്രം നായകനാവുന്ന ധ്രുവ നച്ചത്തിരം ട്രെയ്‌ലര്‍ പുറത്ത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയ്‌ലറില്‍ വിക്രത്തിന് പുറമേ സിമ്രാന്‍, റിതു വര്‍മ, രാധിക ശരത്കുമാര്‍ പാര്‍ത്ഥിപന്‍ എന്നിവരേയും കാണിക്കുന്നുണ്ട്. ജയിലറിന് ശേഷം വിനായകന്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ധ്രുവ നച്ചത്തിരത്തിനുണ്ട്. ജയിലറിലെ ലോക്കല്‍ ഗ്യാങ്‌സ്റ്റിന് ശേഷം ധ്രുവനച്ചത്തിരത്തില്‍ ഇന്റര്‍നാഷണല്‍ ഡോണായാണ് വിനായകന്‍ എത്തുക.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്. ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം. 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനാണ് ഒടുവില്‍ റിലീസ് ചെയ്ത വിക്രത്തിന്റെ ചിത്രം. പാ രഞ്ജിത്തിന്റെ തങ്കലാനാണ് റിലീസിനൊരുങ്ങുന്ന വിക്രത്തിന്റെ മറ്റൊരു ചിത്രം. പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

Content Highlight: Dhruva Nachathiram movie trailer