അവസരം ലഭിച്ചാല്‍ അച്ഛന്റെ ആ സിനിമ ചെയ്യും; രാവണന്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ: ധ്രുവ് വിക്രം
Indian Cinema
അവസരം ലഭിച്ചാല്‍ അച്ഛന്റെ ആ സിനിമ ചെയ്യും; രാവണന്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ: ധ്രുവ് വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th October 2025, 8:47 pm

വിക്രമിന്റെ ഭീമ എന്ന സിനിമ തനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ ധ്രുവ് വിക്രം. ഭീമയിലെ അദ്ദേഹത്തിന്റെ ലുക്ക് തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

വിക്രം ചെയ്ത ഏതെങ്കിലും ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് സിനിമയായിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഭീമ എന്ന സിനിമയാണ് താന്‍ തെരഞ്ഞെടുക്കുക എന്നായിരുന്നു ധ്രുവിന്റെ മറുപടി. തന്റെ ഏറ്റവും പുതിയ സിനിമയായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മാത്യൂഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭീമയിലെ അച്ഛന്റെ ലുക്ക് എനിക്ക് വളരെ ഇഷ്ടമാണ്. അതിലെ അദ്ദേഹത്തിന്റെ ബോഡി, അതുപോലെ ഒരു റൗഡിയായിട്ടാണ് അഭിനയിച്ചത്. പിന്നെ ആ സിനിമയിലെ പാട്ടുകള്‍ നല്ലതാണ്. അതുപോലെ ആക്ഷന്‍ സീനുകള്‍ നല്ലതാണ്. എല്ലാംകൊണ്ടും എനിക്ക് ഭീമ എന്ന സിനിമ ഇഷ്ടമാണ്,’ ധ്രുവ് വിക്രം പറയുന്നു.

തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള സിനിമ അതാണെന്നും എന്നാല്‍ വിക്രമിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ രാവണന്‍ ആണെന്നും ധ്രുവ് കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ വിക്രം ചെയ്ത ധ്രുവം എന്ന സിനിമ തനിക്ക് ഇഷ്ടമാണെന്നും സൈന്യം എന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്നും ധ്രുവ് പറഞ്ഞു.

എന്‍. ലിംഗുസ്വാമി രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2008ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഭീമ. ചിത്രത്തില്‍ വിക്രമും തൃഷയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.

അതേസമയം മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ധ്രുവ് വിക്രമും രജിഷ വിജയനും പ്രധാനവേഷങ്ങളിലെത്തിയ ബൈസണ്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഒക്ടോബകര്‍ 17ന് റിലീസ് ചെയ്ത സിനിമയില്‍ ഇവര്‍ക്ക് പുറമെ അനുപമ പരമേശ്വരന്‍, പശുപതി, ലാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Content highlight: Dhruv Vikram says he wants to do Vikram’s film Bheema