മോദിയുടെ 'ശിങ്കിടി'യായാല്‍ അക്ഷയ് കുമാറിനെ പോലെ അവാര്‍ഡ് മേടിക്കാം, അല്ലെങ്കില്‍ 'റെയ്ഡ്'; അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലെ റെയ്ഡില്‍ ധ്രുവ് റാഠി
national news
മോദിയുടെ 'ശിങ്കിടി'യായാല്‍ അക്ഷയ് കുമാറിനെ പോലെ അവാര്‍ഡ് മേടിക്കാം, അല്ലെങ്കില്‍ 'റെയ്ഡ്'; അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലെ റെയ്ഡില്‍ ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 10:45 pm

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുട്യൂബര്‍ ധ്രുവ് റാഠി.

കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മോദിയുടെ ശിങ്കിടികളെയും സര്‍ക്കാരിനെതിരെ തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്നവരെയും എങ്ങനെയാണ് മോദി സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് എന്ന് വ്യക്തമാക്കുന്ന ചിത്രത്തോടെയായിരുന്നു ധ്രുവിന്റെ വിമര്‍ശനം.

ബോളിവുഡ് നടന്‍ അക്ഷയ്കുമാറിന് അവാര്‍ഡ് നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ധ്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബുധനാഴ്ചയാണ് അനുരാഗ് കശ്യപിന്റെയും തപ്‌സിയുടെയും മുംബൈയിലെ വീടുകളില്‍ റെയ്ഡ് നടന്നത്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡ് നടന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് എത്തിയത്. 22 സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. 2011ല്‍ ആരംഭിച്ച കമ്പനി 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

 

അനുരാഗ് കശ്യപും തപ്സി പന്നുവും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്തെത്താറുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷക നിയമങ്ങള്‍ക്കുമെതിരെ പരസ്യമായി ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Dhruv Rathee Facebook post