17 റണ്‍സിന്റെ വമ്പന്‍ നഷ്ടം; രാജസ്ഥാന്റെ ചരിത്രത്തില്‍ സഞ്ജു തുടരും
Cricket
17 റണ്‍സിന്റെ വമ്പന്‍ നഷ്ടം; രാജസ്ഥാന്റെ ചരിത്രത്തില്‍ സഞ്ജു തുടരും
Sudev A
Saturday, 30th May 2026, 2:11 pm

2026 ഐ.പി.എല്ലില്‍ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി രാജസ്ഥാന്‍ റോയല്‍സ് മടങ്ങിയിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും യുവതാരം വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് കയ്യടി നേടിയത്. 47 പന്തില്‍ 96 റണ്‍സാണ് വൈഭവ് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. എട്ട് ഫോറുകളും ഏഴ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

ധ്രുവ് ജുറെൽ

എന്നാല്‍ രാജസ്ഥാന്റെ ഈ സീസണിലെ വിജയക്കുതിപ്പില്‍ നിര്‍ണായകമായ പങ്കുവഹിച്ച വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ഈ മത്സരത്തില്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ ഏഴ് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ഈ സീസണില്‍ രാജസ്ഥാന് വേണ്ടി നാല് ഫിഫ്റ്റികള്‍ നേടിയ ജുറെല്‍ 515 റണ്‍സാണ് സ്വന്തമാക്കിയത്. ഗുജറാത്തിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ ഒരു വമ്പന്‍ നേട്ടം കൈപ്പിടിയിലാക്കാനുള്ള അവസരവും ജുറെലിനുണ്ടായിരുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഒരു സീസണില്‍ മൂന്നാം നമ്പറിലോ അതില്‍ താഴെയോ സ്ഥാനത്ത് ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനുള്ള അവസരമാണ് ജൂറെല്‍ നഷ്ടപ്പെടുത്തിയത്. മുന്‍ നായകന്‍ സഞ്ജു സാംസണ്‍ നിലവിലെ നായകന്‍ റിയാന്‍ പരാഗ് എന്നിവരാണ് ജൂറെലിന്റെ മുന്നിലുള്ളത്.

സഞ്ജു സാംസൺ & റിയാൻ പരാഗ്

രാജസ്ഥനായി ഒരു സീസണില്‍ മൂന്നാം നമ്പറില്‍ പരാഗ് 573 റണ്‍സും സഞ്ജു 531 റണ്‍സുമാണ് നേടിയിരുന്നത്. ഇരുവരും 2024 സീസണിലാണ് ഈ നേട്ടം കൈവരിച്ചത്. മത്സരം തുടങ്ങുന്നതിന് മുമ്പ് സഞ്ജുവിനെ മറികടക്കാന്‍ 24 റണ്‍സും പരാഗിനെ വീഴ്ത്താന്‍ 66 റണ്‍സുമാണ് ജുറെലിന് വേണ്ടിയിരുന്നത്. മത്സരത്തിൽ ഏഴ് റൺസിന്‌ പുറത്തായതോടെ 17 റൺസകലെയാണ് ജുറെലിന് സഞ്ജുവിൻഡ്‌ മറികടക്കാനുള്ള അവസരം നഷ്ടമായത്. രാജസ്ഥാന്‍ ടൂർണമെന്റിൽ നിന്നും പുറത്തായതോടെ ഈ നേട്ടവും ജുറെലിന് നഷ്ടമായിരിക്കുകയാണ്.

എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടി ജുറെല്‍ തിളങ്ങിയിരുന്നു. 21 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും അടക്കം 50 റണ്‍സാണ് റോയല്‍സ് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കിയത്.

അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് വിജയിച്ചു കയറിയത്. 53 പന്തില്‍ 104 റണ്‍സ് നേടിയാണ് ഗില്‍ തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗുജറാത്ത് നായകന്റെ ഇന്നിങ്സ്.

അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശനും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. 32 പന്തില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്സുമടക്കം 58 റണ്‍സാണ് ആണ് സുദര്‍ശന്‍ നേടിയത്.

മെയ് 31നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. അഹമ്മദാബാദില്‍ നടക്കുന്ന കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്തുമാണ് ഏറ്റുമുട്ടുന്നത്.

 

Content Highlight: Dhruv Jurel miss to break Sanju Samson record for Rajasthan Royals in IPL

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.