വിക്രമും ധ്രുവ് വിക്രമും നായകന്‍മാരായെത്തുന്നു; രജനീകാന്ത് ചിത്രത്തിന്റെ സംവിധായകന്‍ ചിത്രമൊരുക്കും
indian cinema
വിക്രമും ധ്രുവ് വിക്രമും നായകന്‍മാരായെത്തുന്നു; രജനീകാന്ത് ചിത്രത്തിന്റെ സംവിധായകന്‍ ചിത്രമൊരുക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th June 2020, 10:41 am

മികച്ച മൂന്ന് സിനിമകളിലൂടെയാണ് കാര്‍ത്തിക് സുബ്ബരാജ് തമിഴ് സിനിമാ ലോകത്ത് തന്റെ വരവറിയിച്ചത്. അതിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പേട്ട എന്ന ചിത്രമൊരുക്കി. ഇനി കാര്‍ത്തിക് സുബ്ബരാജിന്റെ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം ധനുഷ് നായകനായ ജഗമേ തന്തിരമാണ്. ലോക്ഡൗണിന് ശേഷം ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തമിഴ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ചകളിലൊന്ന് കാര്‍ത്തിക് സുബ്ബരാജ് വിക്രമിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ്.  വിക്രമിന്റെ 60ാം ചിത്രമാണിത്. ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിക്രത്തോടൊപ്പം മകന്‍ ധ്രുവ് വിക്രമും ഈ ചിത്രത്തില്‍ നായകനായെത്തും. 2019ല്‍ പുറത്തിറങ്ങിയ ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വിക്രമുണ്ടായിരുന്നു. ചിത്രത്തിന്റെ ഭാഗമായുള്ള നിരവധി അഭിമുഖങ്ങളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

ഇരുമുഗന്‍ എന്ന സിനിമ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ കാര്‍ത്തിക് സുബ്ബരാജ് ഒരു കഥ വിക്രത്തോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ കഥ സിനിമയാക്കാന്‍ കാര്‍ത്തിക്കും വിക്രമും തീരുമാനിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കോബ്ര എന്ന ചിത്രം നിര്‍മ്മിച്ച സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ തന്നെ ഈ ചിത്രവും നിര്‍മ്മിക്കുക. മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിക്രം ഈ ചിത്രത്തിലും പങ്കുചേരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക