എറിഞ്ഞ പന്ത് സ്റ്റമ്പില്‍ക്കൊണ്ടു, ലൈറ്റും തെളിഞ്ഞു; പക്ഷേ രാഹുല്‍ 'നോട്ട് ഔട്ട്'- വീഡിയോ
IPL 2019
എറിഞ്ഞ പന്ത് സ്റ്റമ്പില്‍ക്കൊണ്ടു, ലൈറ്റും തെളിഞ്ഞു; പക്ഷേ രാഹുല്‍ 'നോട്ട് ഔട്ട്'- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 12:58 pm

ചെന്നൈ: മഹേന്ദ്രസിങ് ധോനിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളും മാത്രമായിരുന്നില്ല ഇന്നലെ ആ കാഴ്ച കണ്ടു ഞെട്ടിയത്. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിനു കാണികള്‍ക്കും അതൊരു അവിശ്വസനീയമായ കാഴ്ചയായിരുന്നു.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ ഇന്നലെ നടന്ന മത്സരത്തിലാണ് ഈ കാഴ്ച പിറന്നത്. 13-ാം ഓവറിലായിരുന്നു സംഭവം.

പഞ്ചാബ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ജഡേജയുടെ പന്തില്‍ പാഡില്‍ സ്വീപ്പിനു ശ്രമിക്കുകയും തുടര്‍ന്ന് ഓടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതിവേഗം പന്ത് കൈക്കലാക്കിയ ധോനി തിരിഞ്ഞുനോക്കാതെ പന്ത് വിക്കറ്റിലേക്കെറിഞ്ഞു. പന്ത് വിക്കറ്റില്‍ കൊള്ളുമ്പോള്‍ രാഹുല്‍ ക്രീസിലുണ്ടായിരുന്നില്ല താനും. പന്ത് തട്ടി വിക്കറ്റിലെ എല്‍.ഇ.ഡി ലൈറ്റും തെളിഞ്ഞു. സഹതാരങ്ങള്‍ ആവേശത്തോടെ അപ്പീല്‍ നല്‍കി. എന്നാല്‍ ആദ്യം കാര്യം മനസ്സിലായതും ധോനിക്കു തന്നെയാണ്. പന്ത് കൊണ്ടിട്ടും ലൈറ്റ് തെളിഞ്ഞിട്ടും ബെയ്ല്‍സ് താഴെവീണില്ലെന്നതായിരുന്നു യാഥാര്‍ഥ്യം.

Also Read: രാഹുല്‍ ഗാന്ധി വഞ്ചിച്ചു എന്ന തോന്നലില്ല, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല; സീതാറാം യെച്ചൂരി

ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു. ബെയ്ല്‍സ് താഴെ വീഴാത്തതിനാല്‍ രാഹുലിനോട് ക്രീസില്‍ തുടരാന്‍ നിര്‍ദേശിച്ചു.

രാഹുല്‍ 41 റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു സംഭവം. 55 റണ്‍സെടുത്താണു രാഹുല്‍ പുറത്തായത്.

മത്സരത്തില്‍ പഞ്ചാബ് ചെന്നൈയോട് 22 റണ്‍സിനു തോറ്റു.