ധര്‍മസ്ഥല: ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിനെയാണ് ഒരുകൂട്ടം അജ്ഞാതര്‍ ആക്രമിച്ചത്. സൗജന്യയുടെ ചിത്രമുള്ള വാഹനം ഇവര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് സൗജന്യയുടെ വീടിന് സമീപം ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിങ് നടത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. യൂട്യൂബറെ ഒരു സംഘം ചോദ്യം ചെയ്യുകയും പിന്നാലെ ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ അഡ്മിറ്റ് ചെയ്ത ആശുപത്രിയുടെ മുന്നിലും സംഘര്‍ഷമുണ്ടായതോടെ ധര്‍മസ്ഥലയില്‍ പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റേണ്‍ സോണ്‍ ഐ.ജിയും ദക്ഷിണ കന്നഡ എസ്.പിയും സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അഞ്ച് ബറ്റാലിയന്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
കനത്ത സുരക്ഷയിലായിരിക്കും ഇന്നത്തെ പരിശോധന നടക്കുക. ഇന്നലത്തെ ആക്രമണത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്യുന്നത് കണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ആറ് പേര്‍ കഴിഞ്ഞദിവസം എസ്.ഐ.ടിയെ സമീപിച്ചു. മുന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യഘട്ട പരിശോധന അവസാനിക്കാനിരിക്കെയാണ് പുതിയ ആളുകള്‍ രംഗത്തെത്തിയത്.
ആദ്യം വെളിപ്പെടുത്തിയ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും അസ്ഥികള്‍ കണ്ടെത്താന്‍ സഹായിക്കാമെന്നും ഇവര്‍ എസ്.ഐ.ടിയോട് പറഞ്ഞു. എന്നാല്‍ ഇവരുടെ മൊഴി വിശദമായി എടുത്ത ശേഷമാകും അന്വേഷണസംഘം തീരുമാനമെടുക്കുക.
പതിമൂന്നാം സ്‌പോട്ടിലാണ് ഇനി പരിശോധന നടത്തേണ്ടത്. എന്നാല്‍ അതിന് പകരം പുതിയ സ്‌പോട്ടില്‍ പരിശോധന നടത്താന്‍ ഡി.ജി.പി പ്രണവ് മോഹന്തിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം അസ്ഥികള്‍ ലഭിച്ച പതിനൊന്നാം നമ്പര്‍ സ്‌പോട്ടിന് സമീപത്താണ് പുതിയതായി പരിശോധിക്കാന്‍ തീരുമാനിച്ചത്.
Content Highlight: Dharmasthala Victim family faced attack by a group and vehicle destroyed