ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ പരാതിക്കാരനായ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്ന് (ശനിയാഴ്ച)യാണ് കള്ളസാക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം എസ്.ഐ.ടി തലവന്‍ പ്രണബ് മോഹന്തിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. സാക്ഷിയുടെ മൊഴികളിലും നല്‍കിയ രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ എസ്.ഐ.ടി അന്വേണം തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സാക്ഷിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ ഇയാള്‍ക്കെതിരെ പ്രസ്താവന നടത്തിയിരുന്നു.
സാക്ഷിയൊരു നല്ല വ്യക്തിയല്ലെന്നും തന്നെയും കുട്ടികളെയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അവര്‍ പറഞ്ഞു. ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സത്യമല്ലെന്നും പണത്തിന് വേണ്ടിയായിരിക്കും അയാള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ 1999ല്‍ അയാളെ വിവാഹം കഴിച്ചു. ഏഴ് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അയാള്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു മകനും മകളുമുണ്ട്. ധര്‍മസ്ഥലയില്‍ തൂപ്പുകാരനായിരുന്നു അയാള്‍. ടോയ്ലെറ്റുകള്‍ വൃത്തിയാക്കുമായിരുന്നു,’ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ 2003ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് പറഞ്ഞിരുന്നു. തനിക്ക് അങ്ങനയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നുമാണ് സുജാത ഭട്ട് പറഞ്ഞത്. വിവാദം അവസാനിപ്പിക്കണമെന്നും സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
സുജാതക്ക് അങ്ങനെയാരു മകളിലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദനും പറഞ്ഞിരുന്നു.
1998 മുതല്‍ 2014 വരെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളെ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നാണ് മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയത്. ജൂലൈ മൂന്നിനാണ് ഇയാള്‍ പരാതി നല്‍കിയത്. ജൂലൈ 11ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജറായി മൊഴി രേഖപ്പെടുക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്നതിന് വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഇതുവരെ നടന്ന തിരച്ചിലില്‍ രണ്ടുസ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരിടത്ത് നിന്ന് അസ്ഥികൂടവും മറ്റൊരിടത്ത് നിന്ന് അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.
Content Highlight: Dharmasthala: Complainant arrested by SIT