ധര്‍മസ്ഥല; 8842 വാര്‍ത്താ ലിങ്കുകള്‍ക്കുള്ള വിലക്ക് നീക്കി കര്‍ണാടക ഹൈക്കോടതി
India
ധര്‍മസ്ഥല; 8842 വാര്‍ത്താ ലിങ്കുകള്‍ക്കുള്ള വിലക്ക് നീക്കി കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd August 2025, 8:04 am

ബെംഗളൂരു: ധര്‍മസ്ഥല കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മാധ്യമ വിലക്ക് തള്ളി കര്‍ണാടക ഹൈക്കോടതി. കീഴ്‌കോടതിയുടെ ഇന്‍ജങ്ഷന്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ‘കുടലെ റാംപേജ്’ എന്ന യൂട്യൂബ് ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അജയ് ആയിരുന്നു ഹരജി സമര്‍പ്പിച്ചത്.

ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വെള്ളിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ ഭരണഘടനാ വിരുദ്ധമായ നിയന്ത്രണമാണ് ഇതെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.

ധര്‍മസ്ഥല ധര്‍മാധികാരി ഡോ. വിരേന്ദ്ര കുമാര്‍ ഹെഗ്ഗഡെയുടെ സഹോദരന്‍ ഡി. ഹര്‍ഷേന്ദ്ര കുമാറിനെ പരാമര്‍ശിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമ സ്ഥാപനങ്ങളും ഓണ്‍ലെന്‍ മീഡിയയും സമൂഹമാധ്യമ അക്കൗണ്ടുകളുമടക്കം 8842 ലിങ്കുകളായിരുന്നു വിചാരണ കോടതി വിലക്കിയിരുന്നത്.

കേസ് കീഴ്‌കോടതിയിലേക്ക് മടക്കിയ ഹൈക്കോടതി, ഹര്‍ഷേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയില്‍ ഉടന്‍ തീരുമാനമാക്കണമെന്നും ഹരജിയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അവരുടെ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈ 18നാണ് ഹര്‍ഷേന്ദ്ര കുമാറിന്റെ ഹരജിയില്‍ ബെംഗളൂരുവിലെ അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിവിധ പ്ലാറ്റ്‌ഫോമിലുള്ള 8842 ലിങ്കുകള്‍ തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി സമര്‍പ്പിച്ച അതേ ദിവസം തന്നെ ഇന്‍ജങ്ഷന്‍ ഉത്തരവും കോടതി അനുവദിക്കുകയായിരുന്നു.

ധര്‍മസ്ഥല കേസ്:

1998നും 2014നും ഇടയില്‍ ധര്‍മസ്ഥല ഗ്രാമപരിധിയിലും പരിസര പ്രദേശങ്ങളിലും ലൈംഗിക പീഡനത്തിന് ഇരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മുന്‍ ശുചിത്വ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ടിനും ധര്‍മസ്ഥല പൊലീസ് സ്റ്റേഷനും പരാതി നല്‍കുകയായിരുന്നു.

കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പരാതിക്ക് പിന്നാലെ വലിയ കോളിളക്കം ഉണ്ടാകുകയായിരുന്നു. ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Dharmasthala case, Karnataka High Court lifts trial court’s media ban