കളങ്കാവലില്‍ വില്ലനായ മമ്മൂട്ടിയും നായകനായ വിനായകനും കളം നിറഞ്ഞപ്പോഴും പലരുടെയും ചര്‍ച്ചയായത് ചിത്രത്തിലെ നായികമാരാണ്. 21 നായികമാര്‍ക്കും കൃത്യമായ സ്‌പെയ്‌സ് നല്‍കി അവതരിപ്പിച്ചത് പ്രേക്ഷകരുടെ കൈയടി നേടി. അതില്‍ മനസില്‍ തങ്ങി നിന്നത് കഥാപാത്രങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്ടുകാരി അഭിജ.
ഒറ്റ സീനില്‍ മാത്രമേ ഉള്ളൂവെങ്കിലും ആ കഥാപാത്രത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സാധിച്ചു. ധന്യ അനന്യയാണ് അഭിജയായി വേഷമിട്ടത്. കരിയറില്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം ചെയ്ത ധന്യ എല്ലാ സിനിമയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ശ്രദ്ധ നേടാറുണ്ട്.
കളങ്കാവലിന് മുമ്പ് ധന്യയുടേതായി ശ്രദ്ധിക്കപ്പെട്ട കഥാപാത്രം അയ്യപ്പനും കോശിയിലേതായിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിനൊപ്പം സസ്‌പെന്‍ഷന്‍ ലഭിക്കുന്ന ജെസ്സിയായി ധന്യ ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്. പൃഥ്വിയെ വരെ വിറപ്പിച്ച ധന്യയുടെ പ്രകടനം സിനിമാപ്രേമികള്‍ മറക്കാനിടയില്ല. കളങ്കാവലിന്റെ ഷൂട്ടിനിടയിലും മമ്മൂട്ടി തന്നോട് അയ്യപ്പനും കോശിയിലെ വേഷത്തെക്കുറിച്ചാണെന്ന് അനന്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘മുന്‍പ് ചെയ്ത വര്‍ക്ക് വെച്ച് മമ്മൂക്ക നമ്മളെ തിരിച്ചറിയും. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുള്ള ഏറ്റവും മനോഹരമായ കാര്യമാണത്. കളങ്കാവലിന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ അയ്യപ്പനും കോശിയിലെ ജെസ്സി എന്ന കഥാപാത്രത്തെക്കുറിച്ചാണ് അദ്ദേഹം ചോദിച്ചത്. നമ്മളെ അത്രയും ശ്രദ്ധിച്ചിട്ടുള്ള ഒരാള്‍ക്കൊപ്പം പെര്‍ഫോം ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് തോന്നില്ല’ ധന്യ പറയുന്നു.
മമ്മൂട്ടി മാത്രമല്ല, അയ്യപ്പനും കോശിയും കണ്ടവരാരും ധന്യയുടെ പ്രകടനം മറക്കില്ല. രണ്ട് വലിയ താരങ്ങള്‍ ആദ്യാവസാനം മാറ്റുരച്ച ചിത്രത്തില്‍ വെറും അഞ്ച് മിനിറ്റ് മാത്രമുള്ള സീനിലൂടെ ഓര്‍ക്കപ്പെടുക എന്നത് നിസാര കാര്യമല്ല. ഇപ്പോഴിതാ കളങ്കാവലിലും അതേ രീതിയില്‍ പെര്‍ഫോം ചെയ്ത് ധന്യ ഞെട്ടിച്ചു. കണ്ണിലൂടെ ആ കഥാപാത്രത്തിന്റെ ഇമോഷനെല്ലാം പ്രേക്ഷകരിലേക്കെത്തിക്കാന്‍ ധന്യക്ക് സാധിച്ചിട്ടുണ്ട്.
തിയേറ്റര്‍ ആര്‍ട്ടിസ്റ്റായി അഭിനയജീവിതം ആരംഭിച്ച ധന്യ ലാല്‍ ജോസ് സംവിധാനം ചെയ്ത നാല്പത്തിയൊന്നിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. രണ്ടാമത്തെ ചിത്രമായ അയ്യപ്പനും കോശിയിലൂടെ കരിയര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഭീഷ്മ പര്‍വം, സൗദി വെള്ളക്ക, ജന ഗണ മന തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷത്തിലൂടെ മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ച ധന്യ ഇനിയും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുമെന്ന് ഉറപ്പാണ്.
Content Highlight: Dhanya Ananya’s performance in Kalamkaval movie