2025 ല്‍ രണ്ടാമത്തേത്; ധനുഷിന്റെ തേരെ ഇഷ്‌ക് മേം നൂറു കോടി ക്ലബില്‍
Indian Cinema
2025 ല്‍ രണ്ടാമത്തേത്; ധനുഷിന്റെ തേരെ ഇഷ്‌ക് മേം നൂറു കോടി ക്ലബില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th December 2025, 2:01 pm

ബോളിവുഡില്‍ തന്റെ സ്ഥാനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് തമിഴ് നടന്‍ ധനുഷ് നായകനായ തേരെ ഇഷ്‌ക് മേം നൂറുകോടി ക്ലബിലേക്ക്. ഇതോടെ ഈ വര്‍ഷം നൂറു കോടി നേടുന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ആനന്ദ്. എല്‍. റായ് സംവിധാനം ചെയ്തിരിക്കുന്ന തേരെ ഇഷ്‌ക് മേം. ശേഖര്‍ കമ്മുല സംവിധാനം ചെയ്ത് തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ കുബേര ഈ വര്‍ഷമാദ്യം നേട്ടം സ്വന്തമാക്കിയിരുന്നു.

ധനുഷ്. PHOTO: Dhanush/ facebook.com

ധനുഷിന്റ കഥാപാത്രമായ ശങ്കറും കൃതി സനോണ്‍ അവതരിപ്പിച്ച മുക്തി എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയത്തിന്റെയും ഇവര്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെയും കഥ പറയുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. റിലീസ് ചെയ്ത് ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നൂറു കോടിയെന്ന നേട്ടം ചിത്രം സ്വന്തമാക്കിയത്.

റിലീസ് ചെയ്ത് ആദ്യ ദിവസം 16 കോടി നേടിയ ചിത്രം രണ്ടാമത്തെയും മൂന്നാമത്തെയും ദിവസം യഥാക്രമം 17 കോടിയും 19 കോടിയും നേടിയിരുന്നു. എന്നാല്‍ നാലാം ദിവസം 8 കോടിയോളമായി ചിത്രത്തിന്റെ കളക്ഷന്‍ കൂപ്പുകുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.

തേരെ ഇഷ്‌ക് മേം. Photo: Theatrical poster

രാഞ്ജനാ (2013) യിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച താരം ഷമിതാഭ് (2015), അത്രങ്കി റെ (2021) തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമാണ് തേരെ ഇഷ്‌ക് മേം എന്ന പ്രത്യേകതയുമുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ തിരുചിത്രമ്പലമാണ് ധനുഷിന്റെ കരിയറിലെ ആദ്യ നൂറു കോടി നേടുന്ന ചിത്രം.

ഹിമാന്‍ഷു ശര്‍മയും നീരജ് യാദവും ചേര്‍ന്നാണ് തേരെ ഇഷ്‌ക് മേം തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രകാശ് രാജ്, പ്രിയാന്‍ശു പൈന്യൂലി, ജയ ഭട്ടാചാര്യ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. തുശാര്‍ കാന്തി റായ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം 76 കോടിയോളം രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി നേടിയത്.

Content Highlight: Dhanush starrer tere ishk mein enters 100 crore club