ചുമ്മാ ഒരു രസത്തിന് വേണ്ടി എഴുതിയ കൊലവെറി റെക്കോഡ് ചെയ്യാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ, ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചില്ല: ധനുഷ്
Indian Cinema
ചുമ്മാ ഒരു രസത്തിന് വേണ്ടി എഴുതിയ കൊലവെറി റെക്കോഡ് ചെയ്യാന്‍ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ, ഇത്ര ഹിറ്റാകുമെന്ന് വിചാരിച്ചില്ല: ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd November 2025, 2:06 pm

നടനെന്ന നിലയില്‍ മാത്രം ശ്രദ്ധ നേടിക്കൊണ്ടിരുന്ന ധനുഷില്‍ ഗാനരചയിതാവും ഗായകനുമുണ്ടെന്ന് തെളിയിച്ച പാട്ടായിരുന്നു ‘വൈ ദിസ് കൊലവെറി’. ത്രീ എന്ന ചിത്രത്തിനായി ഒരുക്കിയ ഗാനം ഇന്റര്‍നെറ്റ് അത്ര പ്രചാരമില്ലാത്ത കാലത്ത് പോലും ഇന്റര്‍നാഷണല്‍ ലെവലില്‍ ട്രെന്‍ഡായി മാറി. 14 വര്‍ഷം മുമ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനം 550 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കൊലവെറി എന്ന ഗാനം താന്‍ ചുമ്മാ ഒരു രസത്തിന് വേണ്ടി എഴുതിയതാണെന്ന് കഴിഞ്ഞദിവസം ധനുഷ് പ്രതികരിച്ചു. പുതിയ ചിത്രമായ തേരേ ഇഷ്‌ക് മേമിന്റെ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ധനുഷ്. വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ വെറുതെ തമാശക്ക് എഴുതിയ ഗാനമാണ് അതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘വെറും തമാശ എന്ന രീതിയില്‍ ആ പാട്ടില്‍ കുറച്ച് വര്‍ക്ക് ചെയ്തിട്ട് ഞങ്ങള്‍ അതിനെ മാറ്റിവെച്ചു. പിന്നീട് ആ പാട്ടിനെക്കുറിച്ച് പാടെ മറന്നു. കുറെ കാലം കഴിഞ്ഞ് ഈ പാട്ട് വീണ്ടും പൊടി തട്ടിയെടുത്തു. ഫണ്ണിയായിട്ടുള്ള സാധനങ്ങള്‍ പെട്ടെന്ന് വര്‍ക്കാകും എന്ന ഒരു ധാരണയില്‍ ആ പാട്ട് റെക്കോഡ് ചെയ്ത് പുറത്തുവിട്ടു.

സത്യം പറഞ്ഞാല്‍ ഇത്രയും വൈറലാകുമെന്ന് അപ്പോള്‍ വിചാരിച്ചതേയില്ലായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമേ ആ പാട്ടിന് റീച്ച് കിട്ടുള്ളൂ എന്നായിരുന്നു വിചാരിച്ചത്. കാരണം ആ പാട്ടിന്റെ ആത്മാവ് തമിഴിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഞാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ആളാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നാണ് തമിഴ്.

ആ പാട്ട് തമിഴിലുമല്ല, ഇംഗ്ലീഷിലുമല്ല. തംഗ്ലീഷിലായിരുന്നു. അന്നത്തെകാലത്ത് ആ പാട്ട് കുറച്ചൊക്കെ ട്രെന്‍ഡാവുന്നത് ശ്രദ്ധിച്ചു. പിന്നീട് അത് വിട്ടു. എന്നാല്‍ കുറച്ചുകഴിഞ്ഞ് പലരും ആ പാട്ട് വൈറലാക്കുന്നത് കണ്ട് ഞെട്ടിപ്പോയി. പ്രതീക്ഷിക്കാത്ത രീതിയില്‍ അത് ട്രെന്‍ഡായി. ആ പാട്ടില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ മാറി നില്ക്കുകയാണ്. വൈറല്‍ മാര്‍ക്കറ്റിങ്ങിന്റെ പുതിയ രീതികള്‍ ആ പാട്ട് തുറന്നുകാട്ടി. ഇപ്പോള്‍ എനിക്ക് അത് വെല്ലുവിളിയാണ്,’ ധനുഷ് പറയുന്നു.

ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയുടെ അവിഭാജ്യഘടകമായ അനിരുദ്ധ് രവിചന്ദ്രന്റെ ആദ്യ ചിത്രമായിരുന്നു ത്രീ. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകളെല്ലാം ട്രെന്‍ഡായിരുന്നു. വൈ ദിസ് കൊലവെറി എന്ന ഗാനത്തിന്റെ റീച്ചില്‍ തനിക്ക് അഭിമാനമുണ്ടെന്നും എന്നാല്‍ ചില സമയത്ത് അത് ശാപം പോലെ തോന്നാറുണ്ടെന്നും ധനുഷ് പറയുന്നു.

Content Highlight: Dhanush shares the memories of Why this Kolaveri Di song