ഏത് മോശം അവസ്ഥയിലും തന്നെ കൈവിടാത്ത ആരാധകരുള്ള താരമാണ് സിലമ്പരസന്‍ ടി.ആര്‍. താരത്തിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത പലര്‍ക്കും സ്വപ്‌നമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അരസന്റെ ടൈറ്റില്‍ പ്രൊമോക്ക് വന്‍ വരവേല്പാണ് ലഭിക്കുന്നത്. എന്നാല്‍ അതോടൊപ്പം എല്ലാവരെയും അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
പ്രൊമോ വീഡിയോയില്‍ സിലമ്പരസന്‍ സംവിധായകന്‍ നെല്‍സണോട് തന്റെ കഥ പറയുന്ന സമയത്ത് ആരെ ഹീറോയാക്കുമെന്ന് ചോദിക്കുന്നുണ്ട്. ആരെയെങ്കിലും കണ്ടുപിടിക്കാമെന്ന് പറയുമ്പോള്‍ ‘ധനുഷ് മതി, നല്ല നടനാണ്’ എന്നായിരുന്നു എസ്.ടി.ആറിന്റെ മറുപടി. ഇതാണ് ആരാധകര്‍ ആഘോഷമാക്കി മാറ്റിയത്.
രജിനി- കമല്‍, വിജയ്- അജിത് എന്നീ ഫാന്‍ ഫൈറ്റിന് ശേഷം തമിഴില്‍ ശ്രദ്ധ നേടിയ ഫാന്‍ ഫൈറ്റാണ് ധനുഷ്- സിലമ്പരസന്‍ എന്നിവരുടേത്. 2004 മുതല്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ താരങ്ങളാണ് ഇരുവരും. ടൈര്‍ 2വില്‍ വളരെ പെട്ടെന്ന് മുന്‍നിരയിലേക്കെത്തിയ ധനുഷിനെതിരെ പലപ്പോഴും എസ്.ടി.ആര്‍ തന്റെ സിനിമകളിലൂടെ മറുപടി നല്കിയിട്ടുണ്ട്.
എന്നാല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും സുഹൃത്തുക്കളാണെന്നും പൊതുവേദിയില്‍ വെച്ച് സിലമ്പരസന്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ഫാന്‍ഫൈറ്റ് നടന്നുകൊണ്ടേയിരിക്കുന്നു. അരസനിലെ ഡയലോഗ് ഇരുവരുടെയും ഫാന്‍സിന് ആവേശം നല്‍കുന്ന ഒന്നായി മാറിയെന്നാണ് കരുതുന്നത്.
വിടുതലൈക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അരസന്‍. രണ്ട് ഗെറ്റപ്പിലാണ് അരസനില്‍ എസ്.ടി.ആര്‍ പ്രത്യക്ഷപ്പെടുന്നത്. വെട്രിമാരന്റെ ക്ലാസിക് ചിത്രം വടചെന്നൈയുടെ സ്പിന്‍ ഒഫായാണ് അരസന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ആദ്യമായി ധനുഷും സിലമ്പരസനും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത് അരസനിലൂടെയാകുമെന്നാണ് പലരും കരുതുന്നത്. സിലമ്പരസന്‍ -ധനുഷ് കോമ്പോ മാത്രമല്ല, മറ്റൊരു അപ്രതീക്ഷിത കോമ്പോയും അരസനില്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വെട്രിമാരന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായി ജി.വി പ്രകാശിന് പകരം അനിരുദ്ധാണ് അരസന് വേണ്ടി സംഗീതമൊരുക്കുന്നത്.
എപ്പോഴും ക്ലാസ് ടൈപ്പ് സംഗീതം പ്രിഫര്‍ ചെയ്യുന്ന വെട്രിമാരന്‍ അനിരുദ്ധിനെ പണിയേല്പിച്ചത് എല്ലാവരെയും ഞെട്ടിച്ചു. അടുത്തിടെ അനിരുദ്ധ് ചെയ്ത സംഗീതമൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. തമിഴിലെ അടുത്ത ബ്ലോക്ക്ബസ്റ്ററായി അരസന്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. 2026 പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.
Vetrimaaran portrays the exact scene beautifully where STR gave away his Vadachennai’s script to Dhanush 😭🔥#ARASAN#SilambarasanTR 💎❤️