ഓരോ കാലഘട്ടത്തിലും ഓരോ താരങ്ങളെ ആരാധിക്കുന്നവരാണ് തമിഴ് ജനത. എം.ജി.ആറിന്റെ കാലം മുതല്‍ ഈ രീതിയാണ് തമിഴ് സിനിമയില്‍ കാണാന്‍ സാധിക്കുന്നത്. എം.ജി.ആറിന് ശേഷം ആ ജനപ്രീതി രജിനിയിലേക്കും കമലിലേക്കും പോയതും പിന്നീട് അജിത്, വിജയ് എന്നീ താരങ്ങള്‍ രംഗപ്രവേശം ചെയ്തതുമെല്ലാം താരസിംഹാസനങ്ങളുടെ കൈമാറ്റമായാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍ അഞ്ച് പതിറ്റാണ്ടായി സൂപ്പര്‍സ്റ്റാര്‍ എന്ന സിംഹാസനം കൈയാളുന്ന രജിനികാന്തിന് പകരക്കാരനായി ആരുമെത്തിയിട്ടില്ല. രജിനിയോളം ജനപ്രീതി വിജയ് സ്വന്തമാക്കിയെങ്കിലും സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം മറ്റാര്‍ക്കും കൈവശപ്പെടുത്താനായിട്ടില്ല. അടുത്ത രജിനി ആരാകുമെന്ന് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്.
രജിനിയുടെ സ്റ്റാര്‍ഡത്തിലേക്കെത്താന്‍ അദ്ദേഹത്തെ പലരും അനുകരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഓരോ ഓഡിയോ ലോഞ്ചിലും താന്‍ പണ്ട് നേരിട്ട കഷ്ടപ്പാടുകളാണ് രജിനി പങ്കുവെക്കുന്നത്. പേട്ട, ദര്‍ബാര്‍ എന്നിങ്ങനെ ആരംഭിച്ച് ഏറ്റവുമൊടുവില്‍ കൂലിയിലും അദ്ദേഹം ഇത് ആവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ രജിനിയുടെ അതേ രീതിയാണ് തമിഴിലെ യുവതാരങ്ങള്‍ അനുകരിക്കുന്നത്. ധനുഷാണ് ഈ ട്രെന്‍ഡ് ആരംഭിച്ചുവെച്ചത്. തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുതല്‍ ധനുഷ് തന്റെ കഷ്ടപ്പാടുകള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് പിന്നീട് താരത്തിന് തിരിച്ചടിയായി മാറി. ഇഡലി കടൈയുടെ ഓഡിയോ ലോഞ്ചില്‍ തന്റെ കഷ്ടപ്പാട് പങ്കുവെച്ച ധനുഷ് ട്രോളന്മാരുടെ ഇരയായി മാറി.
ധനുഷിന് ശേഷം ശിവകാര്‍ത്തികേയനും ഇതേ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്. മദ്രാസിയുടെ ഓഡിയോ ലോഞ്ചില്‍ രജിനിയുടെ അതേ മാനറിസം അനുകരിച്ച ശിവകാര്‍ത്തികേയനെയും ട്രോളന്മാര്‍ വെറുതേവിടുന്നില്ല. അനുകരണ ട്രെന്‍ഡിലെ അവസാന കണ്ണിയായി പലരും കണക്കാക്കുന്നത് പ്രദീപ് രംഗനാഥനെയാണ്. ധനുഷിന്റെ മുഖസാദൃശ്യത്തിന്റെ പേരില്‍ ആദ്യം മുതല്‍ പ്രദീപ് ട്രോളിന് വിധേയമാകുന്നുണ്ട്.