ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദം; വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സി.പി.ഐ.എം
Kerala
ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദം; വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സി.പി.ഐ.എം
ശ്രീലക്ഷ്മി എ.വി.
Sunday, 25th January 2026, 9:04 pm

കണ്ണൂർ: സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനമെടുത്ത് സി.പി.ഐ.എം. പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിലാണ് നടപടി.

ഇന്ന് 2.30 മണിക്ക് ആരംഭിച്ച ജില്ലാ സെക്രട്ടറി യോഗത്തിലാണ് തീരുമാനം. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പടെയുള്ള ആരോപണങ്ങളായിരുന്നു സി.പി.ഐ.എമ്മിനെതിരെ വി.കുഞ്ഞികൃഷ്ണൻ ഉയർത്തിയിരുന്നത്.

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തുവെന്ന വെളിപ്പെടുത്തലാണ് വി.കുഞ്ഞിക്കൃഷ്‌ണൻ നടത്തിയത്.

ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ ഉയർന്ന വാർത്തകൾ ശരിവച്ചുകൊണ്ടാണ് കുഞ്ഞിക്കൃഷ്ണൻ രംഗത്തെത്തിയത്.

കുടുംബത്തെ സഹായിക്കുന്നതിന് ഒരു കോടി രൂപ പിരിച്ചിരുന്നുവെന്നും അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞിരുന്നു.

2011 ലെ നിയമസഭ തെരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പാർട്ടിയിൽ താൻ പലതവണ പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് താൻ പരസ്യമായി പറയാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

താൻ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും പാർട്ടി ഈ തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പ്രതികരിച്ചു.

വിഷയം ഉന്നയിക്കുന്നയാളെ ദ്രോഹിക്കുന്ന നടപടിയാണിതെന്നും പാർട്ടി ഉചിതമായ തീരുമാനം കൈക്കൊണ്ടില്ലെന്നും വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.

താൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നും ഇനി മത്സരിക്കില്ലെന്നും 50 വർഷത്തോളമായി താൻ പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീഷണി ഭയന്ന് വീട്ടിലിരിക്കില്ലെന്നും തന്റെ പുസ്ര്തകം 29ന് ഇറക്കുമെന്നും അതിലെല്ലാം വിശദമായി പറയുന്നുണ്ടെന്നും അദ്ദേഹം റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.

Content Highlight: Dhanraj Martyrs Fund controversy; CPIM to expel V. Kunhikrishnan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.