ധൻകർ രാജിവെച്ചത് അനാരോ​ഗ്യം മൂലം; മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട: അമിത് ഷാ
India
ധൻകർ രാജിവെച്ചത് അനാരോ​ഗ്യം മൂലം; മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2025, 1:33 pm

ന്യൂദൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സ്ഥാനം രാജിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ധൻകർ വീട്ടുതടങ്കിലാണെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദവും അമിത് ഷാ തള്ളിക്കളഞ്ഞു. ജഗ്ദീപ് ധൻകർ രാജിവെച്ചതിന്റെ കാരണം ആരാഞ്ഞ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം 21 നാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജി വെച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നാണ് പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ വിശദീകരണമായി ധൻകർ എഴുതിയത്.

‘ധൻകർ സാഹിബിന്റെ രാജിക്കത്ത് വ്യക്തമാണ്. ആരോഗ്യപരമായ കാരണങ്ങളാണ് അദ്ദേഹം രാജിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സർക്കാർ അംഗങ്ങളോടും അദ്ദേഹം ഹൃദയംഗമമായ നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്,’ എ.എൻ.ഐയോട് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നതുപോലെ ധൻകർ വീട്ടുതടങ്കലിലല്ലെന്നും അദ്ദേഹം പറഞ്ഞു. സത്യത്തെയും നുണയെയും കുറിച്ചുള്ള വ്യാഖ്യാനം പ്രതിപക്ഷത്തെ അടിസ്ഥാനമാക്കിയാണെന്നും ധൻകർ ഭരണഘടനാ പദവി വഹിച്ചിരുന്നുവെന്നും പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് തന്റെ കടമകൾ നിർവഹിച്ചുവെന്നും കൂട്ടിച്ചേർത്തു. വ്യക്തിപരമായ ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം രാജിവെച്ചുവെന്നും ഈ വിഷയത്തിൽ അധികം ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി തെരഞ്ഞെടുപ്പിൽ പരാജയങ്ങൾ നേരിട്ടതിനെത്തുടർന്നുണ്ടായ നിരാശ കാരണം പ്രതിപക്ഷം പ്രത്യേകിച്ച് കോൺഗ്രസ് ‘മിഥ്യാധാരണകൾ’ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ഷാ ആരോപിച്ചു. മൂന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന് ശേഷം, രാഹുൽ ഗാന്ധിക്ക് കാര്യങ്ങളെ വിലയിരുത്തുന്നതിനുള്ള ബോധം നഷ്ടപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കില്ലെന്നും ജനങ്ങളുമായുള്ള തങ്ങളുടെ (ബി.ജെ.പി) ഇടപെടൽ കോൺഗ്രസിനേക്കാൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ധൻകറിനെ നിശബ്ദനാക്കിയെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു. ധൻകർ എവിടെയാണെന്ന് രാഹുൽ ഗാന്ധി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉപരാഷ്ട്രപതിയുടെ രാജിക്കൊപ്പം നിശബ്ദത പാലിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടെയാണെന്ന ചോദ്യമുയർത്തി രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബലും രംഗത്ത് വന്നിരുന്നു.

Content Highlight: Dhankar resigned due to ill health; don’t think too much about the issue: Amit Shah