പേര് മാത്രമായിട്ടെന്തിന്? മുംബൈയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ധന്‍ഗര്‍ സമുദായം
national news
പേര് മാത്രമായിട്ടെന്തിന്? മുംബൈയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ധന്‍ഗര്‍ സമുദായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st May 2025, 5:30 pm

മുംബൈ: മഹാരാഷ്ട്രയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ധന്‍ഗര്‍ സമുദായ നേതാവ്. റെയില്‍വേ സ്റ്റേഷന് മാറാത്ത ഭരിച്ചിരുന്ന മാള്‍വ രാജ്യത്തെ രാഞ്ജിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

‘ഈ പ്രദേശത്ത് ഒരു പള്ളിയോ ഒരു ഗേറ്റോ ഇല്ല. പിന്നെ എന്തിനാണ് ചര്‍ച്ച്‌ഗേറ്റ് എന്ന പേര് നിലനിര്‍ത്തുന്നത്,’ ധന്‍ഗര്‍ സമുദായ നേതാവ് പ്രകാശ് ഷെന്‍ഡേജ് ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്.

പട്ടണത്തിന് സമീപത്തുള്ള കവലയ്ക്ക് അഹല്യഭായ് ഹോള്‍ക്കറുടെ പേര് നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറയുന്നു. ധന്‍ഗര്‍ വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ട്.

ധന്‍ഗര്‍ വിഭാഗത്തിന് പട്ടികവര്‍ഗ പദവി വാഗ്ദാനം ചെയ്ത വ്യക്തിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നും രണ്ട് തവണ അദ്ദേഹം ആ പദവി വഹിച്ചിട്ടുണ്ടെന്നും പ്രകാശ് ഷെന്‍ഡേജ് പറഞ്ഞു. എന്നിരുന്നിട്ടും സമുദായത്തിന് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഒരു ഇടയ സമൂഹമാണ് ധന്‍ഗര്‍. നിലവില്‍ ഈ സമുദായം നാടോടി ഗോത്ര (എന്‍.ടി) പട്ടികയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവര്‍ പട്ടികവര്‍ഗ ക്വാട്ട പ്രകാരം സംവരണ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുകയാണ്.

ഇതിനിടെ മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് ധാരാശിവ് എന്ന് പുനര്‍നാമകരണം ചെയ്തു. പുതിയ സ്റ്റേഷന്‍കോഡ് ഡി.ആര്‍.എസ്.സി എന്ന് പുനര്‍നാമകരണം ചെയ്തതായി സെന്‍ട്രല്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ യു.എം.ഡി എന്നതായിരുന്നു ഒസ്മാനാബാദ് സ്റ്റേഷന്റെ കോഡ്. സ്റ്റേഷന്റെ പുതിയ പേരും കോഡും ഇന്ത്യന്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പേര് മാറ്റല്‍ നടപ്പിലാക്കുന്നതിനായി ജൂണ്‍ ഒന്നിന് രാത്രി 11.45 മുതല്‍ പുലര്‍ച്ചെ വരെ മുംബൈ പാസഞ്ചര്‍ സിസ്റ്റം താത്ക്കാലികമായി അടച്ചിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇരുപതാം നൂറ്റാണ്ടില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന വ്യക്തിയുടെ പേരിലാണ് ഒസ്മാനാബാദ് അറിയപ്പെടുന്നത്. എന്നാല്‍ ധാരാശിവ് എന്നത് പ്രദേശത്തുള്ള ഒരു ഗുഹയുടെ പേരാണ്.

Content Highlight: Dhangar community demands name change for Churchgate railway station in Mumbai