ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; തലയ്ക്ക് പിന്നാലെ സൂപ്പര്‍ താരവും പുറത്ത്
Cricket
ചെന്നൈയ്ക്ക് വീണ്ടും തിരിച്ചടി; തലയ്ക്ക് പിന്നാലെ സൂപ്പര്‍ താരവും പുറത്ത്
ഫസീഹ പി.സി.
Sunday, 29th March 2026, 8:52 pm

ഐ.പി.എല്‍ 2026ല്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള സി.എസ്.കെയുടെ ആദ്യ മത്സരത്തില്‍ നിന്ന് സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് പുറത്തായി. സൈഡ് സ്ട്രെയിനാണ് താരത്തിന് വിനയായത്.

പരിശീലനത്തിനിടെയാണ് ബ്രെവിസിന് പരിക്കേറ്റത്. സി.എസ്.കെയുടെ അടുത്ത മത്സരത്തില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡെവാൾഡ് ബ്രെവിസ്.

രാജസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങാണ് ഇക്കാര്യം അറിയിച്ചത്. ബ്രെവിസ് ഉടന്‍ തന്നെ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ പരിശീലകന്‍ പങ്കുവെച്ചു.

നേരത്തെ, സൂപ്പര്‍ താരം എം.എസ് ധോണി പരിക്കേറ്റ് ആദ്യ മത്സരത്തില്‍ നിന്ന് പുറത്തായിരുന്നു. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. സി.എസ്.കെ മുന്‍ നായകന്‍ മൂന്ന് ആഴ്ചയോളം പുറത്തായിരിക്കുമെന്നാണ് വിവരം.

ധോണിക്ക് പിന്നാലെ ഇപ്പോള്‍ ബ്രെവിസിനും പരിക്കേറ്റത് ചെന്നൈയ്ക്ക് വലിയ തലവേദനയാണ്. ഇരുവരും ടീമിലില്ലാത്തത് മധ്യനിരയെ സാരമായി ബാധിക്കും. 2025ല്‍ സീസണിന്റെ പകുതിയിലാണ് ബ്രെവിസ് സി.എസ്.കെയിലെത്തിയത്. ആറ് മത്സരങ്ങളില്‍ കളിച്ച താരം 225 റണ്‍സെടുത്തിരുന്നു.

എം.എസ് ധോണി.

ഇരുവര്‍ക്കും പുറമെ നേരത്തെ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസ് ടൂര്‍ണമെന്റില്‍ നിന്ന് പരിക്കേറ്റ് പുറത്തായിരുന്നു. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് ഐ.പി.എല്‍ നഷ്ടമാവുന്നതിലേക്ക് നയിച്ചത്. എല്ലിസിന്റെ പകരക്കാരനായ സ്പെന്‍സര്‍ ജോണ്‍സണ്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ലെന്നതും ടീമിന് ആശങ്കയാണ്. താരവും പരിക്കില്‍ നിന്ന് മുക്തനാവുന്നേയുള്ളൂ. സ്പെന്‍സര്‍ ഏപ്രില്‍ 21നും 23നുമിടയില്‍ സി.എസ്.കെ ക്യാമ്പില്‍ ചേരുകയുള്ളൂവെന്നാണ് വിവരം.

അതേസമയം, രാജസ്ഥാനെതിരെയുള്ള മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് 30നാണ്. ആര്‍.ആറിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയാണ് ഈ മത്സരത്തിന്റെ വേദി.

 

Content Highlight: Dewald Brevis ruled out of CSK’s match against RR in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി