ന്യൂദല്‍ഹി: ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം സര്‍ക്കാര്‍ ഫണ്ടുകളായോ പബ്ലിക് ഫണ്ടുകളായോ പരിഗണിക്കാന്‍ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.
തമിഴ്‌നാടിലെ അഞ്ച് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് കല്യാണമണ്ഡപങ്ങളും ഹാളുകളും നിര്‍മിക്കുന്നതിനായി അംഗീകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്യാനാണ് സുപ്രീം കോടതി വിസ്സമതിച്ചത്.
‘ഭക്തര്‍ നല്‍കുന്ന ഈ പണം ഇത്തരം കല്യാണമണ്ഡപങ്ങള്‍ നിര്‍മിക്കാനുള്ളതല്ല. ആവശ്യമെങ്കില്‍ അത് ക്ഷേത്രങ്ങളുടെ നിര്‍മാണത്തിനും മറ്റുമായി ഉപയോഗിക്കാം,’ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
‘ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹപാര്‍ട്ടികള്‍ നടക്കുകയും അശ്ലീലം നിറഞ്ഞ പാട്ടുകളും മറ്റും വെക്കുകയാണെങ്കില്‍ ഒരു ക്ഷേത്രത്തിന്റെ ഉദ്ദേശമെന്താണ്?’ കോടതി ചോദ്യമുന്നയിച്ചു.
തമിഴ്‌നാട്ടിലെ അഞ്ച് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് കല്യാണമണ്ഡപങ്ങളുണ്ടാക്കരുതെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
വിവാഹമണ്ഡപങ്ങള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഓഗസ്റ്റ് 19നാണ് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള പണമുപയോഗിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ മതപരമായ വിഷയമല്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കടതി വിധി പ്രസ്താവിച്ചത്.
ഈ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
എന്നാല്‍ ഈ പണം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായോ വിനിയോഗിക്കാമെന്ന് കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗി അടക്കമുള്ളവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.